സംസ്ഥാന ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ തിരുത്തിനി വീട്ടിലെ എം.എസ് ആകാശിന്റെ പടുതാ കുളത്തിൽ ആസാംവാള മത്സ്യകൃഷി വിളവെടുപ്പ് ബഹു. മലമ്പുഴ എം. എൽ. എ. ശ്രീ. എ. പ്രഭാകരൻ അവർകൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത എം.വി അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി പ്രിയ ഒ.ബി, ഗ്രാമപഞ്ചായത്ത് ക്ഷേമസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ശിവദാസ്.വി.സി, മുണ്ടൂർ കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ശ്രീ. രാമദാസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആലത്തൂർ മത്സ്യഭവൻ പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ. അജീഷ് കെ.എ. സ്വാഗതവും മത്സ്യകർഷകനായ ആകാശ്. എം. എസ്. നന്ദിയും പറഞ്ഞ ചടങ്ങിൽ അക്വാകൾച്ചർ പ്രൊമോട്ടർമാരായ ശ്രീ. അരുൺ. കെ, ശ്രീമതി അനിത, ശ്രീ. യു. മണികണ്ഠൻ, ശ്രീ. കെ. കൃഷ്ണദാസ്, ശ്രീ. കെ. മുരളി എന്നിവരും പങ്കെടുത്തു. 2020 ഡിസംബറിൽ പടുതാകുളം നിർമ്മാണം പൂർത്തീകരിച്ച് 2021 ജനുവരി ആദ്യവാരം 1000 ആസാം വാള മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിപാലനം നടത്തി വിളവെടുത്തപ്പോൾ 900gm മുതൽ 1.200kg വരെ ശരാശരി തൂക്കം ലഭിച്ചു. പ്രാദേശികമായി കിലോഗ്രാമിന് 180 രൂപാ നിരക്കിൽ വിൽപ്പന ആരംഭിച്ചു. ശാസ്ത്രീയ കൃഷിരീതികൾ അവലംഭിച്ചുകൊണ്ട് നടപ്പിലാക്കുന്ന മത്സ്യകർഷകർക്ക് പ്രോത്സാഹനം നൽകണമെന്നും അറവു മാലിന്യങ്ങൾ നിക്ഷേപിച്ചും ജലാശയങ്ങൾ മലിനപ്പെടുത്തിയും നടത്തുന്ന മത്സ്യം വളർത്തൽ നിരുത്സാഹപ്പെടുത്തണമെന്നും എം. എൽ. എ. അഭിപ്രായപ്പെട്ടു.