പാലക്കാട് ജില്ലയിൽ പിണറായി സർക്കാർ നാലര വർഷത്തിനുള്ളിൽ 2,648 പേർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം നിയമനം നൽകി. താൽക്കാലിക നിയമനത്തിനൊപ്പം സ്ഥിരനിയമനവും ഇതിൽപ്പെടുന്നു. പിഎസ്‌സി നിയമനത്തിനു പുറമേയാണിത്.
നിയമനം കിട്ടിയ 2,648 പേരിൽ ആയിരത്തോളം പേർക്ക് സ്ഥിരനിയമനമാണ്. പാർട്ട് ടൈം സ്വീപ്പർ, ആശുപത്രി അറ്റന്റർ തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് സ്ഥിരനിയമനം നടത്താം. ഇപ്രകാരമാണ് ആയിരത്തോളം പേരെ നിയമിച്ചത്.
പത്താംക്ലാസ് യോഗ്യതയുള്ളവരിൽ ജനറൽ വിഭാഗത്തിൽ 1986നു മുമ്പ് രജിസ്റ്റർ ചെയ്തവർക്കാണ് നിയമനം നൽകിയത്. ബിരുദ യോഗ്യതയുള്ള ജനറൽ വിഭാഗത്തിൽ 1995നു മുമ്പ് രജിസ്റ്റർ ചെയ്തവർക്കും ഐടിഐ യോഗ്യതയുള്ളവരിൽ ജനറൽ വിഭാഗത്തിൽ 2002നു മുമ്പ് രജിസ്റ്റർ ചെയ്തവർക്കുമാണ് നിലവിൽ നിയമനം നൽകുന്നത്. ഒബിസി, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഒഴിവിനനുസരിച്ച് വിവിധ സമയങ്ങളിൽ രജിസ്റ്റർ ചെയ്തവരെ പരിഗണിക്കുന്നുണ്ട്.
പിഎസ്‌സി നിയമനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം എംപ്ലോയ്‌മെന്റിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയ വർഷങ്ങളാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കടന്നുപോയത്. പാലക്കാടിനു പുറമേ ഷൊര്‍ണൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍. അട്ടപ്പാടിയില്‍ രജിസ്റ്റര്‍ ചെയ്യാൻ സെന്ററുമുണ്ട്. പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 71,571 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.