തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം
അസീസ് മാസ്റ്റർ
നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധിയിൽ യു ഡി എഫ് അഭിമാനകരമായ നേട്ടവും ഇടതുമുന്നണി ചരിത്രത്തിലില്ലാത്ത വിധം അപമാനവും നേരിട്ടതായി മാറി. തുടർ ഭരണം ലക്ഷ്യമിട്ട പിണറായി സർക്കാറിനെതിരേയുള ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കൂട്ടത്തിൽ സൂചിപ്പിക്കട്ടെ പിണറായി സർക്കാറിന്റെ ധാർഷ്ട്യത്തിനെതിരേയുള്ള ജനങ്ങളുടെ പ്രതികാരം കൂടിയായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. അഴിമതിക്കും സ്വജന പക്ഷപാതത്തിനും പിൻവാതിൽ നിയമനത്തിലും ഒക്കെയായി എതിരായി നില കൊള്ളേണ്ട രാഷ്ട്രീയ നിലപാടിന് പകരം ഞങ്ങൾക്ക് തോന്നും പടി ചെയ്യുമെന്ന ശൈലി സ്വീകരിച്ചതാണ് എൽഡിഎഫിനെ പൊതു ജനം കനത്ത പരാജയം സമ്മാനിച്ച് ഇറക്കി വിട്ടത്. മാത്രവുമല്ല ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ തുടങ്ങിയ സി പി എം നേതാക്കൾ ഉയർത്തിയ ചോദ്യങ്ങളോട് പുറംതിരിഞ്ഞ് നിന്ന പിണറായി സർക്കാറും എം വി ഗോവിന്ദൻ എന്ന പാർട്ടി അധ്യക്ഷനും ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത സി പി എം എന്ന ദയനീയ പാതയിലെത്തിച്ചു. എന്നാൽ പാർട്ടിയെ തിരുത്താൻ രംഗത്തിറങ്ങിയ മൂന്നുപേരും ജയിച്ചതും ജനമനസും സ്വന്തം അണികളുടെ മനസും ആർക്കൊപ്പമാണെന്ന് പകൽപോലെ വ്യക്തമാണ്.
വെള്ളാപ്പള്ളി നടേശനെ പോലുള്ളവരുടെ വർഗീയതയ്ക്ക് താങ്ങും തണലുമായി നിന്നപ്പോൾ , ഗ്രൂപ്പുകളിയും മറ്റും ഒഴിവാക്കിയും രാഷ്ട്രീയ ബോധത്തോടെ യുഡിഎഫ് പ്രവർത്തിച്ചപ്പോൾ ജനം കൈ കവർന്നു. മൂന്ന് സീറ്റുകളോടെ ബിജെപി കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചപ്പോൾ ഇടതു, വലത് എന്ന രണ്ടു മുന്നണികളുടെ ജയ പരാജയങ്ങൾ എന്ന പതിവുകൾക്ക് മുന്നിൽ കണക്കുകൾ തെറ്റുന്ന ദൃശ്യമാണ് കേരള രാഷ്ട്രീയ ജനവിധിയിൽ കാണാനായത്. .
46 വർഷത്തെ ഏറ്റവും കരുത്താർന്ന 102 എന്ന വിജയസംഖ്യത്തിലെത്തിയ യുഡിഎഫ് ജനങ്ങളുടെ വികാരം മാനിച്ച് സംശുദ്ധമായ ഭരണം കാഴ്ചവെക്കണം. അല്ലാതെയിരുന്നാൽ മുന്നണി സംവിധാനം നിലവിൽ വന്ന 1980ന് ശേഷം ഏറ്റവും കുറഞ്ഞ സീറ്റായ 35 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന എൽഡിഎഫിന്റെ ഗതി വരുന്നതിനും കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. തോറ്റവരും ജയിച്ചവരും ജനഹിതത്തിന് അനുസരിച്ച് പെരുമാറുന്ന സുന്ദരമായ ജനാധിപത്യ-മതേരത്വ സ്വഭാവം ലോകത്തിന് തന്നെ മാതൃകയാവട്ടെ.
മിന്നുന്ന ജയം നേടിയ യുഡിഎഫിന്, സ്ഥാനാർഥികൾക്കും ജനവിധിയിൽ ജയം കരസ്ഥമാക്കിയ എൽഡിഎഫ്, എൻ ഡി എ സ്ഥാനാർഥികൾക്കും സായാഹ്നം കുടുംബത്തിന്റെ ആശംസകൾ നേരുന്നു. ജയ്ഹിന്ദ്.









