രാഷ്ട്രീയ പ്രേരിതമായ മനസാണ് പൊതുവിൽ മലയാളികൾക്കുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ മുഖ്യധാരയിലാണ് കോൺഗ്രസ്. അധികാരത്തിൻ്റെ വടംവലിയിൽ കുടുങ്ങിയോ, വോട്ടർമാരുടെ മനസ് മാറിയോ കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്തായി എന്നത് നേര് തന്നെ. പക്ഷെ, തുടർച്ചയായ യു പി എ സർക്കാറിന് ശേഷം തുടർച്ചയായ ഭരണം കയ്യാളുന്ന എൻ ഡി എ സർക്കാർ ഭരണം ജനദ്രോഹത്തിന് കയ്യും കാലും വെച്ചതാണെന്ന തിരിച്ചറിവിലാണ്. ഇപ്പോഴാണ് കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മതേതരത്വ-ജനാധിപത്യത്തിൻ്റെ, രാജ്യപുരോഗതിയുടെ, സമത്വത്തിൻ്റെ പ്രാധാന്യം വർഗീയ ചിന്ത ആഴത്തിൽ സൂക്ഷിച്ചിട്ടുള്ള ഉത്തരേന്ത്യൻ ജനത പോലും മനസ്സിലാക്കുന്നത്. ഇത് നല്ലൊരു കാര്യം തന്നെ.
കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം രണ്ടാം നിരയിലേക്ക് തള്ളപ്പെടാൻ കാരണം നേതാക്കന്മാരുടെ ഗ്രൂപ്പിസവും സഖാവ് പിണറായി വിജയൻ്റെ വാക്ക് കടമെടുത്താൽ കുലം കുത്തികളാവുന്നതാണ്.
കെ പി സി സി അധ്യക്ഷനായി കെ സുധാകരൻ ചുമതയേറ്റതോടെ കോൺഗ്രസിൻ്റെ ഭാരവാഹിത്വം കുത്തകാവകാശമാക്കിയ പലരെയും നിരാശപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് പ്രസ്ഥാനത്തിന് അതീതരാണ് തങ്ങളെന്ന് വിചാരിക്കുകയും പൊതുസമൂഹത്തിൽ പെരുമാറുകയും ചെയ്യുന്ന അഹങ്കാരികളായ ചില നേതാക്കന്മാരെ കണ്ണുരുട്ടിയും ചൊറിയന്മാരെ ചെവിക്ക് പിടിച്ച് പുറത്താക്കിയും കേരള പ്രദേശ് കോൺഗ്രസ് മുഖം സുന്ദരമാക്കുന്നത് കാണുമ്പോൾ ഒരു ജനാധിപത്യവാദി എന്ന നിലയിൽ ആശ്വാസം തോന്നുന്നു.
ഗ്രൂപ്പിസവും കുതികാൽ വെപ്പും തമ്മിലടിയും കാരണം കോൺഗ്രസിൻ്റെ മുഖം വികൃതമാക്കുന്ന ഇത്തിൾക്കണ്ണി നേതാക്കന്മാരെ വേരോടെ പിഴുതെറിഞ്ഞാൽ തീരാവുന്ന വിഷയമെ കോൺഗ്രസ് ആഭ്യന്തരമായിട്ടുള്ളു.
പ്രായവും അധികാരവും ആവോളമുള്ളവരെ നീക്കി, ഉശിരുള്ള പുതുതലമുറക്ക് കസേര ഒഴിഞ്ഞു കൊടുക്കുമ്പോൾ അണികൾ മാത്രമല്ല, നിഷ്പക്ഷവാദികളും കോൺഗ്രസിന് കരുത്താവുക തന്നെ ചെയ്യും. എല്ലാവർക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ് ഹിന്ദ് !