എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവും
എടത്തനാട്ടുകര: 64 വര്‍ഷങ്ങള്‍ പിന്നിട്ട എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള അവാര്‍ഡ്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവുമാണ് സ്കൂള്‍ നേടിയത്. സമ്മാനത്തുകയായി സ്കൂളിന് 65,000 (അറുപത്തയ്യായിരം) രൂപ ലഭിക്കും.
വിവിധ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ‘സ്റ്റെപ്സ്’ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, ‘സ്വീറ്റ് ഇംഗ്ലീഷ്’ പരിശീലനം, ജൈവ പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യ ഉദ്യാനം, കായിക പരിശീലനം, ഫുട്ബാള്‍ പരിശീലനം, ഫുട്ബാള്‍ മത്സരങ്ങളില്‍ ലഭിച്ച വിവിധ നേട്ടങ്ങള്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, ട്രോമ കെയര്‍ പരിശീലനം, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പ്രളയം, കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭിന്ന ശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ആകാശയാത്ര, പത്ത് ലക്ഷത്തോളം രൂപയുടെ കൈത്താങ്ങ് നല്കിയ ‘സ്നേഹപൂര്‍വ്വം’ പദ്ധതിയടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ‘എല്ലാവരും ഉടുക്കട്ടെ’ വസ്ത്രശേഖരണ പദ്ധതി, സ്നേഹപ്പുടവ പദ്ധതി, ജലസംരക്ഷണ ബോധവല്‍ക്കരണം, തടയണ നിര്‍മ്മാണം, തുണി സഞ്ചി വിതരണം, പേപ്പര്‍പേന നിര്‍മ്മാണ വര്‍ക്ക്ഷോപ്പ്, അര ലക്ഷത്തില്‍ പരം പ്ലാസ്റ്റിക് പേനക്കൂടുകളുടെ ശേഖരണം, പ്രകൃതി പഠന ക്യാമ്പുകള്‍, പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് സ്കൂളിനെ പി.ടി.എ. പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്.
ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗം സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എന്‍.എസ്.എസ്, മലയാള മനോരമ നല്ലപാഠം യൂണിറ്റ്, ജൂനിയര്‍ റെഡ് ക്രോസ്സ്, ലിറ്റില്‍ കൈറ്റ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, സംസ്കൃതം, മലയാളം, ഹ്യൂമന്‍ റൈറ്റ്സ് ക്ലബ്ബുകള്‍, വിദ്യാരംഗം കലാ സാഹിത്യവേദി, സ്കൂള്‍ പാര്‍ലമെന്റ്, തുടങ്ങിയവക്ക് കീഴിലാണ് സ്കൂളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.
സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി അലുംനി അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി കൂട്ടായ്മകള്‍, പ്രവാസി സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സ്കൂളില്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയം, സി.സി.ടി.വി. സംവിധാനം, വാട്ടര്‍ പ്യൂരിഫയര്‍, ഫര്‍ണിച്ചറുകള്‍, പരീക്ഷാ മാര്‍ഗ നിര്‍ദ്ദേശക ക്ലാസ്സ് തുടങ്ങിയവ ഒരുക്കിയതും അവാര്‍ഡിന് പരിഗണിച്ചു.
മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്കൂളില്‍ പി.ടി.എ.യുടെയും അധ്യാപകരുടെയും പരിശ്രമ ഫലമായി2019-20 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചു.
പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, പി.ടി.എ. വൈസ് പ്രസിഡന്റ് സി. സക്കീര്‍, എം.പി.ടി.എ. പ്രസിഡന്റ് ഷെറീന, എസ്.എം.സി. ചെയര്മാന് സി. നാരായണന് കുട്ടി, പ്രിന്‍സിപ്പാള്‍ കെ.കെ.രാജ്കുമാര്, പ്രധാനാധ്യാപകന് എന്‍. അബ്ദുന്നാസര്‍ എന്നിവരാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.