മണ്ണാർക്കാട്.
കാഞ്ഞിരപ്പുഴയിൽ ഉരുൾപൊട്ടലുണ്ടായ പൂഞ്ചോല, ഇരുമ്പകച്ചോല മേഖലകൾ ജിയോളജി, മണ്ണ് പരിശോധനാ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പാലക്കാട് ഇന്റലിജൻസ് ആൻഡ് വിജിലൻസ് വിഭാഗം പ്രതിനിധികൾ സന്ദർശിച്ചു. റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് സംഘം അറിയിച്ചു.
പൂഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും മരത്തടികളും വന്നടിഞ്ഞ് ഗതാഗത തടസ്സമുണ്ടായ മേഖലയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗത തടസ്സം നീക്കിത്തുടങ്ങി.
പൂഞ്ചോല–-ഓടക്കുന്ന് റോഡിൽ പലയിടത്തായി മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ട്. ഈ മേഖലകൾ പൊതുമരാമത്ത് വകുപ്പ് സന്ദർശിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സംഘം അറിയിച്ചു.
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അഗ്നിരക്ഷാ സേന ജാഗ്രതാ നിർദേശം നൽകി. ഇന്റലിജൻസ് ആൻഡ് വിജിലൻസ് വിഭാഗം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി നാസർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആർ രഞ്ജിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.