വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ഡോക്ടർമാർ അധികജോലിയിൽനിന്ന് വിട്ടുനിൽക്കുന്നു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ 350 ഡോക്ടർമാരാണ് പ്രതിഷേധത്തിൽ. കോവിഡ് പ്രവർത്തനങ്ങളെയും രോഗീ പരിശോധന, പരിചരണങ്ങളെയും ബാധിക്കാത്ത വിധത്തിലാണ് പ്രതിഷേധം. മുഴുവൻ ഡോക്ടർമാരും ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പുകളിൽനിന്ന് പിൻവാങ്ങി. സർക്കാർ നടത്തുന്ന പരിശീലന പരിപാടികൾ, വെബിനാറുകൾ, ഡ്യൂട്ടി സമയത്തിന് ശേഷമുള്ള മീറ്റിങ്ങുകൾ എന്നിവയിൽ നിന്നെല്ലാം മാറിനിന്നാണ് പ്രതിഷേധം. കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, കോവിഡ് ഡ്യൂട്ടിക്ക് ശേഷം നൽകിയിരുന്ന അവധി പുനഃസ്ഥാപിക്കുക, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചികിത്സ നൽകുന്നതിന് വിരമിച്ച ഡോക്ടർമാരുടെയും സ്വകാര്യ ഡോക്ടർമാരുടെയും സേവനം ഉപയോഗിക്കുക, മാറ്റിവച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, അപകടകരമായ സാഹചര്യത്തിൽ അധികം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് റിസ്ക് അലവൻസും മറ്റ് ആനുകൂല്യങ്ങളും നൽകുക എന്നിവയാണ് കെജിഎംഒ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.