അട്ടപ്പാടി കരാർ നിയമവിരുദ്ധമെന്ന് ഡി.എഫ്.ഒ
കരാർ റദ്ദാക്കണമെന്ന് സൊസൈറ്റി സെക്രട്ടറിക്കും കലക്ടർക്കും കത്ത് നൽകി
പാലക്കാട്. അട്ടപ്പാടിയിൽ ആദിവാസികളുടെ പുന:രധിവാസത്തിന് അനുവദിച്ച 2730 ഏക്കർ നിക്ഷിപ്ത വനഭൂമി സ്വകാര്യസ്ഥാപത്തിന് കരാർ നൽകിയത് നിയമവിരുദ്ധമാണെന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ. കരാർ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019 സെപ്റ്റംബർ മൂന്നിന് ഡി.എഫ്.ഒ അട്ടപ്പാടി കോഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റി സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കത്തിന്‍റെ പകർപ്പ് പാലക്കാട് കലർക്ടർക്കും
1974ലെ സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുനൽകലും) ചട്ടങ്ങൾ പ്രകാരമാണ് അട്ടപ്പാടിയിലെ ആദിവാസികൾക്ക് വനഭൂമി നൽകിയത്. റവന്യൂവകുപ്പിന് കൈമാറിയ ഭൂമിയിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വനംവകുപ്പ് അനുമതി നൽകിയിട്ടില്ല. നിയമപ്രകാരം കാര്യക്ഷമമായ നടത്തിപ്പിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഏത് ആവശ്യത്തിനാണോ വനഭൂമി കൈമാറിയത്, ആ ആവശ്യത്തിന് ഉപയോഗിക്കാത്ത വനഭൂമി 1980ലെ വനസംരക്ഷണ നിയമപ്രകാരം തിരിച്ചെടുക്കാമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി
1971ലെ സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു നൽകലും) നിയമത്തിലെ വകുപ്പ് 10 പ്രകാരമാണ് വനഭൂമി അനുവദിച്ചത്. സ്വകാര്യ വനങ്ങളെ സർക്കാരിൽ നിക്ഷിപ്തമാക്കിയപ്പോൾ കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമായി കാർഷിക ആവശ്യങ്ങൾക്ക് പതിച്ച് നൽകുന്നതിന് രൂപപ്പെടുത്തിയതാണ് നിയമം.
അതിലെ പത്താം വകുപ്പ് അനുസരിച്ച് പട്ടികജാതി^വർഗ വിഭാഗത്തിനും തൊഴിൽരഹിതരായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഇവരുടെ കുടുംബങ്ങളിലെ യുവതലമുറക്കും കൃഷി ചെയ്യുന്നതിനാണ് നിക്ഷിപ്ത വനഭൂമി നൽകിയത്. കാർഷികവൃത്തി അഇവരുടെ ജീവനോപാധിയാണെന്ന് തിരിച്ചറിഞ്ഞാണ് നിയമം തയാറാക്കിയത്. വനങ്ങളിൽ തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന ഗോത്ര വിഭാഗങ്ങൾക്ക് എന്ന നിലയിലാണ് ഭൂമി നൽകാൻ തീരുമാനിച്ചത്. അങ്ങനെ ഭൂമി ലഭിച്ചവർക്ക് വേണ്ടി സർക്കാർ കാർഷിക ക്ഷേമനിധിയും സംഘടിപ്പിച്ചിരുന്നു.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് 1974ലെ ചട്ടം ആറ് പ്രകാരം കൃഷി ചെയ്യുന്നതിനോ താമസിക്കുന്നതിനോ വേണ്ടിയാണ് ഭൂമി കൈമാറിയത്. ആദിവാസി പുനരധിവാസത്തിന് നൽകിയ വരടിമലയിലെ ഭൂമിയിൽ സ്വകാര്യസ്ഥാപനം ചട്ടം ലംഘിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. അത് സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പ് ശേഖരിച്ചിട്ടില്ലെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
നിയമപ്രകാരം ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമി കൈമാറ്റം ചെയ്യാനോ കരാർ നൽകാനോ പാടില്ല. എന്നാൽ, പിന്തുടർച്ച അവകാശം ഉണ്ടായിരിക്കും. അതാകട്ടെ ആദിവാസികൾക്ക് കിട്ടുന്ന ഭൂമി ആദിവാസികൾക്ക് മാത്രമേ കൈമാറാൻ കഴിയൂ. പതിച്ചു കിട്ടുന്ന ഭൂമിയിൽ കുടുംബങ്ങൾ വ്യവസ്ഥകൾ ലംഘിക്കാതെ താമസിക്കേണ്ടതാണ്. അട്ടപ്പാടിയിൽ സഹകരണസംഘത്തിന് രൂപം നൽകിയത് ആദിവാസികളുടെ കൂട്ടുകൃഷിയുമായി ബന്ധപ്പെട്ടാണ്. വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകിയ ഭൂമിയിൽ നിയമലംഘനം നടത്തിയാൽ നടപടി അസ്ഥിരപ്പെടുത്താൻ സർക്കാറിന് അധികാരമുണ്ട്. ആ ഭൂമിക്കാണ് പട്ടികവർഗ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള സൊസൈറ്റി മുൻ സെക്രട്ടറി സുരേഷും ഐ.ടി.ഡി ഓഫിസർ കൃഷ്ണ പ്രകാശും ചേർന്ന് പാട്ടത്തിന് കരാർ ഉറപ്പിച്ചത്.