ആസിഡ്മുഖങ്ങൾ
ദീപ സന്തോഷ്
ഇത് മരിച്ചവരുടെയിടം
അവർക്ക്…
നീലക്കുറിഞ്ഞികൾകൊണ്ട്
ലെയ്സുവെച്ച ഒരൊറ്റക്കുപ്പായം.
കുപ്പായഞൊറികൾ വകഞ്ഞുമാറ്റി
തുണുത്തുവിറച്ചൊരു ചുളിഞ്ഞ രൂപം.
അസ്ഥിയെഴുന്നൊരാ കയ്യിൽ
ഒരുകുല വെളുത്തുമഞ്ഞച്ച പൂക്കൾ.
കാൽപ്പെരുമാറ്റം കേട്ട്
മൺകൂനയിൽ കിടന്ന
അവളൊരു ചോദ്യചിഹ്നമായി.
ഒരു ജന്മത്തിനിപ്പുറം
നീയിപ്പൊഴും
എന്നെയോർക്കുന്നുവെന്നോ?
നിൻ പ്രണയത്തിൻ തീവ്രതയാൽ
വർഷങ്ങൾക്കു മുന്നേ
തൊലിചുളിഞ്ഞ്
വൃദ്ധയായവളാണുഞാൻ.
എന്റെ കവിളിൽ
കണ്ണുനീരിനൊപ്പമൊലിച്ചിറങ്ങിയ
കൺമഷിപ്പാടുകൾ
നിനക്കിനി കാണാനാവില്ല
നീയെറിഞ്ഞ ആസിഡിനൊപ്പം
അതെന്നേ കഴുകിക്കളഞ്ഞിരുന്നു.
ഒരു സിന്ദൂരപ്പൊട്ടിനായ്
മുടി പകുത്തുമാറ്റി നിനക്കായ്
ഞാനൊഴിച്ചിട്ട നേർവര
ഇന്ന് നീലിച്ചുകിടക്കുകയാണ്.
പരിഭവത്താൽ നിന്നെമൂടിയ
ഒരുമുഴം നാവിന്ന്
പിഴുതെറിയപ്പെട്ടിരിക്കുന്നു.
നാസികത്തുമ്പിലെ വിയർപ്പിനാലേറെ
മിന്നിത്തിളങ്ങിയ മൂക്കുത്തി
എന്റെ വെപ്രാളത്തിനിടയിൽ
നീ കൈക്കലാക്കിയോ..?
എന്റെ ചങ്കിലെ നിന്റെ നാദം
തൊണ്ടയോടൊപ്പം നീ കവർന്നെടുത്തുവോ?
നീയെറിഞ്ഞൊരാ ലായനി
തുളച്ചുകയറിയത്
നിനക്കേറെപ്രിയപ്പെട്ട
എന്റെ ഹൃദയത്തിലായിരുന്നു.
വഴിയോരത്തെന്നെയും കാത്തു
നിൽക്കുന്നൊരാ നിന്നെ
കാണുവാനാകാതെ എന്നുള്ളം
പിന്നെയും നീറിയിരുന്നുവെന്നത്
നിനക്കൂഹിക്കാമോ?
കാലമിന്നേറെ കഴിഞ്ഞുവെങ്കിലും
ജീവിതവീഥികൾ പിന്നിട്ടുവെങ്കിലും
വെന്തൊരു മാംസത്തിനൊപ്പം
മനസ്സിനൊപ്പം,സ്വപ്നങ്ങൾക്കൊപ്പം
പുളിച്ചുതികന്ന്
ഒരു ജന്മം ഞാൻ ജീവിച്ചുതീർത്തെന്ന്
ഇപ്പോൾ നീ ഓർക്കുന്നുവെന്നോ?
സ്വീകരിക്കുന്നു നീ തന്ന
വെളുത്തുമഞ്ഞച്ച ചെണ്ടുകൾ
അത്,ഞാനീ വെളുത്ത ദ്രാവകത്തിൽ
മുക്കിവെക്കും.
അടുത്ത കാലവർഷത്തിലെ
ആസിഡ് മഴയിൽ
അവ വളരും..പുഷ്പിക്കും..
ആ കുഞ്ഞുപൂമുഖങ്ങൾക്കെല്ലാം
അപ്പോൾ,എന്നെ പൊതിഞ്ഞ
നിന്റെ ഛായയായിരിക്കും.
ഒരു ദീർഘനിശ്വാസത്താൽ
അകലുന്ന നിഴലിനെ
ഒരായുസ്സുമുഴുവൻ മറച്ച
ഒരു നേർത്ത വയലറ്റ് തുമ്പ്
കാറ്റിലൂടൊഴുകിവന്നു പുതപ്പിച്ച്
ഒരു നിസ്വനം പോലുമില്ലാതെ
തിരിഞ്ഞുവീശി
#####!
ദീപ സന്തോഷ്










