വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കൊഴിഞ്ഞാമ്പാറ ∙ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലത്തൂർ വാനൂർ ലക്ഷംവീട് ഹക്കീം എന്ന എച്ച്.അബ്ദുൽ ഹക്കീം (38) ആണു കോയമ്പത്തൂർ ഒത്തക്കൽ മണ്ഡപത്ത് ഒളിവിൽ കഴിയവെ കഴിഞ്ഞ ദിവസം വൈകിട്ട് 4ന് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 5 ആയി. 2018ൽ പൊള്ളാച്ചി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 6 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയാണ് 3 വർഷത്തിനു ശേഷം അറസ്റ്റിലായത്.
കേസിൽ 2 പേർ 2018ലും ഒരാൾ 2021 ജൂലൈയിലും, മറ്റൊരാൾ 2021 ഓഗസ്റ്റിലും അറസ്റ്റിലായിരുന്നു. 2018 ഏപ്രിൽ 29നു പൊള്ളാച്ചി സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ പ്രഭു തൃശൂരിൽനിന്നു രാത്രി 1.30ന് പൊള്ളാച്ചിയിലേക്കു വരുന്നതിനിടെ കുതിരാനിൽ വച്ച് ലിഫ്റ്റ് ചോദിച്ച് നാലംഗ സംഘം കാറിൽ കയറുകയായിരുന്നു. പിന്നീട് ഇയാളിൽനിന്ന് കൈയിലുണ്ടായിരുന്ന നാലര ലക്ഷം രൂപ കത്തികാണിച്ചു ഭീഷണിപ്പെടുത്തി കവർന്നു.
കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ പൊള്ളാച്ചി സ്വദേശികളായ നവാസ് (29), മാതേഷ് കുമാർ (34) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ 2021 ജൂലൈയിൽ പൊള്ളാച്ചി സ്വദേശി അമാനുള്ളയെ (34) പിടികൂടിയിരുന്നു. 2021 ഓഗസ്റ്റിൽ ചടയൻ കാലായി, തോട്ടുമാടൻ വീട്ടിൽ കെ.അജിത് കുമാറും (26) അറസ്റ്റിലായി.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. എഎസ്പി പദം സിങ്ങിന്റെ നിർദേശപ്രകാരം സിഐ എം.ശശിധരൻ, എസ്ഐ വി.ജയപ്രസാദ്, എഎസ്ഐ ഇ.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.വിനോദ് കുമാർ, എസ്.അനീഷ്, മണികണ്ഠൻ, സിവിൽ പൊലീസ് ഓഫിസർമാരായ രാമസ്വാമി, കെ.അനു, എൽ.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.