വടക്കഞ്ചേരി: ടൗണിനടുത്ത് ഹോട്ടൽ ഡയാനക്കു പുറകിൽ പള്ളിക്കാട് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വർണമാല കവർന്ന കേസിൽ പോലീസ് അന്വേഷണം തുടങ്ങി. കൂടുതൽ പേരുടെ വിരലടയാളങ്ങൾ ശേഖരിക്കുന്നുണ്ട്. വടക്കഞ്ചേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാകണം മോഷ്ടാക്കളെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രഫഷണൽ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നാടോടി സംഘങ്ങൾ ടൗണിലെ പല ഭാഗത്തും കറങ്ങിയിരുന്നു. പള്ളിക്കാട് വാസുവിന്റെ ഭാര്യ വസന്തയുടെ മൂന്നര പവന്റെ മാലയും താലിയുമാണ് കവർന്നത്.വീടിനു പുറകിലുള്ള വാതിൽ വഴി അകത്ത് കടന്നാണ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മാല അപഹരിച്ചത്. പേടിച്ച ഇവർ ബഹളം വെച്ച് ഒപ്പമുണ്ടായിരുന്ന ഭർത്താവ് വാസുവിനെ വിളിച്ചുണർത്തുന്പോഴെക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിനു പുറകിലായി ചായ്പ്പ് ഇറക്കിയ മുറിയിലാണ് വാസുവും ഭാര്യയും കിടന്നിരുന്നത്. ബലകുറവുള്ള വാതിലിന് അടക്കാനുള്ള കുറ്റികളും കുറവാണ്. ഇതെല്ലാം അറിയുന്നവരാകണം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. മുന്നിലെ ഗെയ്റ്റും തുറന്ന നിലയിലായിരുന്നു.