പത്തിരിപ്പാല: രണ്ടാംവട്ട ചർച്ച കൂടി പരാജയപ്പെട്ടതോടെ മണ്ണൂരിൽ സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടത്തിലേക്ക്. സി.പി.എം 14 വാർഡുകളിലാണ് സ്വന്തം സ്ഥാനാർഥികളെ നിർത്തിയത്. ഒരു സ്വതന്ത്രനുൾപ്പെടെ സി.പി.ഐക്ക് 13 വാർഡുകളിലും സ്ഥാനാർഥികളുണ്ട്. ഒരു വാർഡിൽ ഒരു പൊതുസ്വതന്ത്രനെ സഹായിക്കാനാണ് സി.പി.െഎ തീരുമാനം. എൽ.ഡി.എഫിെൻറ ഘടകകക്ഷിയായ എൻ.സി.പിക്ക് സി.പി.എം ഒരു സീറ്റ് നൽകിയിട്ടുണ്ട്. ഇരുവിഭാഗവും ചുമരെഴുത്തും പ്രചാരണവും വോട്ടഭ്യർഥനയും തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മിൽ ഭിന്നത രൂപപ്പെട്ടിരുന്നു.
പ്രശ്നം രൂക്ഷമായതോടെ ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. ഇരുവരും സമ്മേളനങ്ങൾ നടത്തി വെല്ലുവിളി നടത്തി. ഇരുകക്ഷികളേയും ഒരുമിച്ചിരുത്തി ഐക്യത്തിലെത്താൻ എൽ.ഡി.എഫ് ജില്ല നേതൃത്വം പലതവണ ശ്രമിച്ചെങ്കിലും പ്രാദേശിക നേതൃത്വങ്ങൾ അകന്നുനിന്നു. പത്രിക സമർപ്പണം കഴിഞ്ഞതോടെ ഇരുകക്ഷികളും വാശിയേറിയ പ്രചാരണത്തിലാണ്. സമൂഹമാധ്യമങ്ങളിൽ കൂടിയും പ്രചാരണം കൊഴുക്കുന്നുണ്ട്. സി.പി.ഐ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ തങ്കപ്പൻ അഞ്ചാം വാർഡിലാണ് അങ്കം കുറിക്കുന്നത്. ഇവിടെ ഡി.വൈ.എഫ്.ഐ യുവ നേതാവ് അജിത്താണ് സി.പി.എം സ്ഥാനാർഥി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഒ.വി. സ്വാമിനാഥൻ 14ാം വാർഡിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഉണ്ണികൃഷ്ണനാണ് സി.പി.ഐ സ്ഥാനാർഥി.