ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു
പാലക്കാട്: ജൈനിമേട് ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് നഗരസഭയോഗം ഇന്നും ബഹളത്തില്‍ പിരിഞ്ഞു. പ്രതിപക്ഷം നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചതോടെ അജണ്ടകള്‍ പാസാക്കിയതായി അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചെയര്‍പേഴ്‌സണ്‍ ഡയസില്‍ നിന്നും ഇറങ്ങിപ്പോയി. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം ഹാളില്‍ നിന്നും പുറത്തിറങ്ങി നഗരസഭ കവാടത്തിനരികെയെത്തി പ്രതിഷേധം അവസാനിപ്പിച്ചു.
സംഗീതജഞന്‍ എസ് പി ബാലസുബ്രഹ്‌മണ്യന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു നഗരസഭ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 144 പാസാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് കൗണ്‍സില്‍ യോഗം നടത്തിയത്.
നഗരസഭയോഗം പത്രക്കാരെ അറിയിച്ചില്ലെന്നും യോഗത്തില്‍ നടക്കുന്ന അഴിമതി ചര്‍ച്ചകള്‍ പുറത്തു വരാതിരിക്കാനാണ് മന:പൂര്‍വ്വം പത്രക്കാരെ ഒഴിവാക്കിയതെന്നും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ ഭവദാസ് ആരോപിച്ചു. മണ്ണെടുപ്പ് സംബന്ധിച്ച പരാതി മുന്‍സിപ്പല്‍ സെക്രട്ടറി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയതായും പ്രതിപക്ഷം പറഞ്ഞു. മണ്ണെടുപ്പ് സംബന്ധിച്ച ഫയലില്‍ താന്‍ ഒപ്പിട്ടിരിക്കുന്നത് നഗരസഭ സെക്രട്ടറിയും എച്ച് എസ് ഐ അന്വേഷിച്ചു നടപടിയെടുക്കണമെന്ന് നോട്ട് എഴുതിയാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്.