കോവിഡ് ബാധിതർക്കായി കൺട്രോൾ യൂണിറ്റ്
കോവിഡ് പോസിറ്റീവ് രോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളുമായി ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലയിലെ കോവിഡ് /കൺട്രോൾ യൂണിറ്റിൽ 24 മണിക്കൂർ സേവനമാണ് നൽകുന്നത്.
ജില്ലാ കളക്ടർ ചെയർമാനായ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിവ് യൂണിറ്റിൽ സബ് കളക്ടർ ഉൾപ്പെടെയുള്ളവർ അംഗമാണ്. ഓഗസ്റ്റ് ആറിന് ആരംഭിച്ച യൂണിറ്റിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ നിർദ്ദേശം നൽകുന്നതിനായി രണ്ട് ഷിഫ്റ്റുകളിലായി 15 ഫോൺ ലൈനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 15 പേർ മോണിംഗ് ഷിഫ്റ്റിലും ആറുപേർ രാത്രി ഷിഫ്റ്റിലുമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണിത്.
കോവിഡ് പോസിറ്റീവ് ആകുന്നവരെ വിളിച്ചു രോഗ വിവരങ്ങളും മറ്റ് അസുഖങ്ങൾ ഉണ്ടോ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷിച്ച് അനുയോജ്യമായ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ ഗതാഗതം ഒരുക്കുന്നത് ഉൾപ്പെടെയുള്ള ഏർപ്പാടുകൾ കൺട്രോൾ യൂണിറ്റിൽ ചെയ്യും. മറ്റ് അസുഖങ്ങൾ ഇല്ലാത്ത രോഗികളെ സി.എഫ്.എൽ റ്റി.സി.കളിലേക്കും കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവരെ കോവിഡ് ആശുപത്രികളിലേക്കും മാറ്റും. സി.എഫ്.എൽ റ്റി.സി.കളിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ അവരെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതും ഇവിടെ നിന്നാണ്.
രോഗലക്ഷണങ്ങൾ ഇല്ലാതെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്കുള്ള നിർദ്ദേശങ്ങളും ഈ കൺട്രോൾ യൂണിറ്റിൽ നിന്നും ലഭിക്കും. കോവിഡ് പോസിറ്റീവ് രോഗികളെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും രോഗികൾക്ക് കൺട്രോൾ യൂണിറ്റിലേക്ക് ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റിൽ കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0491 4510574, 5, 6, 7, 8, 9 നമ്പറുകളിൽ ബന്ധപ്പെടാം.