പട്ടാമ്പി: വല്ലപ്പുഴയിലെ കുറുവട്ടൂർ, വെള്ളപോക്ക് പാടശേഖരങ്ങളിലെ നൂറേക്കർ രണ്ടാംവിള നെൽക്കൃഷി ഉണക്കുഭീഷണിയിലാണ്. രണ്ടാംവിള രക്ഷപ്പെടുത്താൻ ആശ്രയമായ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളം നേരത്തെ കനാൽ വഴി തുറന്നുവിട്ടെങ്കിലും തെക്കുംപുറത്ത് വ്യാപകമായ ചോർച്ചകാരണം അടയ്ക്കേണ്ടിവന്നു. ഇതു പെട്ടെന്ന് മണ്ണിട്ട് നേരെയാക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന്, ഒറ്റപ്പാലം ഭാഗത്തുനിന്ന് പൈപ്പുകളെത്തിച്ച് ചോർച്ച ഇല്ലാതാക്കുകയായിരുന്നു. അതിനുശേഷം ഞായറാഴ്ച രാവിലെ കാത്തിരപ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം കനാൽ വഴി തുറന്നുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വെള്ളം 22 കിലോമീറ്റർ ഒഴുകിയെത്തിയിട്ടുണ്ട്.
കനാലിൽ കുളവാഴയും പുല്ലും നിറഞ്ഞതിനാൽ കനാൽവെള്ളത്തിന്റെ ഒഴുക്ക് പതുക്കെയാണ്. ഇത് വല്ലപ്പുഴയ്ക്കടുത്ത മുണ്ടക്കോട്ടുകുറിശ്ശി കനാലിലെത്താൻ ആകെ 60 കിലോമീറ്റർ ദൂരമുണ്ട്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇത് എത്തുമെന്നാണ് പ്രതീക്ഷ. മുണ്ടക്കോട്ടുകുറിശ്ശിയിൽനിന്ന് കുറുവട്ടൂർ ചോലയിൽ വെള്ളമെത്തും. തുടർന്ന് കുറുവട്ടൂർ, വെള്ളപോക്ക് പാടശേഖരങ്ങളിൽ ജലസേചനം നടത്താനാവുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ കർഷകർ നെല്ലിനു കതിരുവരാൻനേരത്ത് പാടം പരത്താൻ വെള്ളം കിട്ടാതെ നെട്ടോട്ടമോടുകയാണ്. ജലസേചനത്തിനു പ്രയോജനപ്പെടുന്ന പാപ്പിനിത്തോട്ടിലും സ്വകാര്യ കിണറുകളിലും കുളങ്ങളിലുമെല്ലാം തുലാവർഷം വിട്ടുനിന്നതോടെ വെള്ളം കുറവായി. തുലാമാസത്തിൽ ആകെ 30-ൽ എട്ടുദിവസങ്ങളിലായി 42.5 മില്ലീമീറ്റർ മഴമാത്രമാണ് ലഭിച്ചത്.