പുസ്തകാഭിപ്രായം
“എൻ്റെ മുഖപുസ്തകചിന്തകൾ “
രചനാശൈലി കൊണ്ടും വിഷയങ്ങളുടെ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന പുസ്തകമാണ് പോളി പള്ളിപ്പാട്ട് എഴുതിയ “എൻ്റെ മുഖപുസ്തകചിന്തകൾ ” ഓരോ കവിതകൾ കഴിയുമ്പോഴും വായനക്കാരന് സന്തോഷവും ആത്മസംതൃപ്തിയും ലഭിക്കുക മാത്രമല്ല, അടുത്ത കവിത വായനയിലേക്കുള്ള ഏണിപ്പടി കുടിയാവുന്നു.അതു കൊണ്ടു തന്നെ ഒറ്റയിരിപ്പിനു തന്നെ പുസ്തകം ആദ്യം മുതൽ അവസാനം വരെ വായിക്കാനാവും എന്ന പ്രത്യേകതയും കവിയുടെ രചനാശൈലിക്കുണ്ട് എന്ന് പറയാതിരിക്കാനാവില്ല.
മനസ്സിൽ ഭാവനയുള്ളവർ വാക്കുകൾ തമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ വിരിയുന്ന നക്ഷത്രങ്ങളാണ് കവിതകൾ. അങ്ങനെ കവി സൃഷ്ടിച്ചെടുത്തിരിക്കുന്ന ജീവൻ തുടിയ്ക്കുന്ന വാക്കുകളും, മെഴുകുതിരിനാളം പോലെ സ്വച്ഛസുന്ദരമായ വരികളും “ഓണം”, “പെരുന്നാൾ പിറ്റേന്ന്”, “ആത്മാവ്” “ഞാൻ” എന്നീ രചനകളെ മനോഹരമാക്കുന്നു. ആദ്യവരി വായിച്ചാൽ അടുത്തതിലേക്ക് പോകുവാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു ശക്തി ഈ കവിതകളിൽ കാണാം. “മഴത്തുള്ളികൾ” എന്ന കവിതയിൽ കവി സ്വന്തം ജീവിതാനുഭവത്തിൻറെ സർഗ്ഗാത്മകത വരച്ചു കാട്ടുന്നു. പാപം ചെയ്തവരുടെ കൃഷ്ണമണികളാണ് മഴത്തുള്ളികൾ എന്നു വിശ്വസിച്ചിരുന്ന
നിഷ്കളങ്കബാല്യത്തിൽ നിന്നും വളർന്ന കവിയ്ക്ക് ഒടുവിൽ അത് കൃഷ്ണമണികളല്ലെന്നും ചന്നം പിന്നം പെയ്യുന്ന മഴയുടെ കണ്ണീർത്തുള്ളികളാണെന്നും മനസ്സിലാ കുന്നു. കാണാതായ കുതിരയെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടുന്ന ബാല്യത്തെ ഒരു മനുഷ്യമൃഗം ചീന്തിയെറിയുന്ന “കിരാതരുടെ ഇരയെന്ന കവിതയുടെ വായന ഗദ്ഗദത്താൽ മുറിയുന്നു. നിപ്പക്കാലത്ത ത്യാഗനിർഭരങ്ങളായ ജീവിതങ്ങൾ ഈ കൊറോണക്കാലത്തും കണ്ടുമുട്ടുന്നതു കൊണ്ട് ലീനയെന്ന മാലാഖയ്ക്ക് വർത്തമാനകാല പ്രസക്തിയുണ്ട്.
“തൃശൂർപൂരം” എന്ന രചന കവിഭാവനയുടെ ഊഷ്മ ളതയിൽ ഒരു അമിട്ടായി പൊട്ടിവിരിഞ്ഞ് ആസ്വാദക മനസ്സുകളിൽ വർണ്ണമഴ പെയ്യിപ്പിക്കുന്നു. അരവിന്ദനും ബൈബിളും” എന്നതിലെ അരവിന്ദൻ വിശുദ്ധ ഗ്രന്ഥത്തിലെ ‘വെളിപാടിന്റെ പുസ്തകവും’, ‘ഉത്തമഗീത’വും വായിച്ചു കഴിഞ്ഞ് മാനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചി രിക്കുന്നു’ എന്ന മത്തായിയുടെ വാക്യത്തിലെത്തുമ്പോൾ അപ്രത്യക്ഷനാകുന്നതായി കാണാം. ആധുനിക യുവത്വത്തിൻറെ ഉപരിപ്ലവമായ ഭക്തിക്കും, ബൈബിൾ ജ്ഞാനത്തിനും ആ കവിത അടിവരയിടുന്നു. ആത്മഭാഷണം പോലെ കോറിയിട്ടിരിക്കുന്ന കവിത എന്ന രചനയിൽ കവിയുടെ നിഷ്കളങ്കമായ ഹൃദയമിടിപ്പുകൾ കേൾക്കാനാവും. കവിയുടെ ദൗർബല്യങ്ങളിൽ ഒന്നാണ് മഴ എന്നുതോന്നിപ്പിക്കുന്ന “മഴത്തുള്ളികൾ’, ‘സംഹാരതാണ്ഡവം’, “മഴ’, ‘പ്രളയാനന്തരം, പെയ്തൊഴിഞ്ഞ മഴ തുടങ്ങിയ രചനകളും ഈ കൂട്ടത്തിലുണ്ട്. അവയിൽ ഒരു അവധൂതനെപ്പോലെ കടന്നു വരുന്ന മഴയുടെ ഈണവും, താളവും, ശ്രുതിയും ആസ്വദിക്കുമ്പോൾ “ദൈവത്തിന്റെ കനവ് വെള്ളിനൂലുകളായി ഭൂമിയെ തൊടുന്നതാണ് മഴ’ എന്ന ഗ്രീക്ക് എഴുത്തുകാരൻ നിക്കോസ് കസന്ദ്സാക്കീസിന്റെ വരികൾ ഓർമ്മ വരുന്നു. ഇനിയുമുണ്ട് കവിതകളേറെ, എല്ലാം തന്നെ ആ സ്വാദകരമാണ്.
എഴുത്തുകാരൻ്റെ ആദ്യ പുസ്തകമാണെങ്കിലും എഴുതി തെളിഞ്ഞ കവിയുടെ കഴിവാണ് ” എൻ്റെ മുഖ പുസതക ചിന്തകൾ ” എന്ന കവിതാ സമാഹാരത്തിൽ ഓരോ വായനക്കാരനും കാണാൻ കഴിയുക. ഓരോ വായനക്കാരനും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇത്.
കവിയുടെ നമ്പർ:
89 2 1148901
പോളി പള്ളിപ്പാട്ട്