വടക്കഞ്ചേരി
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയ കോൺഗ്രസിന് എങ്ങനെയാണ് അതേ നിലപാടുള്ള ആർഎസ്‌എസിനെ എതിർക്കാൻ കഴിയുകയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ചോദിച്ചു. എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് യുഡിഎഫിനെ ഏറ്റവും വലിയ അധഃപതനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. ഈ കൂട്ടുകെട്ട് സംബന്ധിച്ച് യുഡിഎഫ് നേതൃനിരയിൽതന്നെ അഭിപ്രായവ്യത്യാസമുണ്ട്. യുഡിഎഫ് എങ്ങാനും അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിക്കുകൂടി ഭരണപങ്കാളിത്തം ഉറപ്പാക്കണം. ഇന്നലെവരെ ഭരണത്തിൽ ഇല്ലാത്ത വർഗീയപ്രസ്ഥാനത്തിന് അധികാരം നൽകിയാൽ അത് വർഗീയധ്രുവീകരണത്തിന് ഇടയാക്കും.
യുഡിഎഫ് സമീപനം ഇങ്ങനെയാണെങ്കിൽ ആർഎസ്‌എസിനേയും ബിജെപിയേയും എതിർക്കാൻ കഴിയില്ല. ഇതുവഴി കോൺഗ്രസിന്റെ തന്നെ അവസാനമായിരിക്കും. ജമാഅത്തെ ഇസ്ലാമി ബന്ധം യൂത്ത് ലീഗ് അംഗീകരിക്കുന്നില്ല. ലീഗ് അണികളും കൂട്ടുകെട്ടിനെ അംഗീകരിക്കുന്നിെല്ലന്നും എ കെ ബാലൻ പറഞ്ഞു