അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തേത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു കുഞ്ഞിന്റെ മരണം. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈ വർഷം ഇത് വരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്.
നിരന്തരം ആവർത്തിക്കുന്ന സംഭവങ്ങളായി അട്ടപാടിയിലെ ശിശുമരണം മാറുകയാണ്. അട്ടപാടിയിലെ ചികിൽസാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വല്ലി, രാജേന്ദ്രൻ ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരണം.










