കഞ്ചിക്കോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാളയാർ ചെല്ലൻകാവ് ആദിവാസി കോളനിയിൽ മദ്യം എത്തിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പട്ടികജാതി –- വർഗ കമീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു. കോളനി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അജയകുമാർ. സംഭവം നടന്നയുടൻ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ഊരുമൂപ്പൻ വിശ്വനാഥൻ, മദ്യദുരന്തത്തിൽ മരിച്ച ശിവന്റെ മൂന്ന് മക്കൾ എന്നിവരുമായി അജയകുമാര്‍ സംസാരിച്ചു. ഊരു നിവാസികൾക്കിടയിൽ മദ്യം പുറത്തുനിന്നും ആരോ എത്തിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. കുറ്റക്കാരെ കണ്ടെത്തിയാൽ പട്ടികജാതി–- വർഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.
സംഭവം ആവർത്തിക്കാതിരിക്കാൻ ഊരില്‍ ബോധവൽക്കരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനാഥരായ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് തുടർ റിപ്പോർട്ട് നൽകാൻ ജില്ലാ ട്രൈബൽ ഓഫീസറോടും നിർദേശിച്ചു.
ഊരിലെ ദുരന്തബാധിതർ ഉൾപ്പെടെ ഏഴുപേർക്ക് അടിയന്തരമായി വീട് നിർമിച്ചുനൽകാൻ ശുപാർശ നൽകിയതായും എസ് അജയകുമാർ പറഞ്ഞു. കമീഷനംഗം പി ജെ സിജ, പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ, വാളയാർ സിഐ കെ സി വിനു, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് വി ശിവകാമി, എസ്സി–എസ്ടി പ്രൊമോട്ടർ വി അരുൺ എന്നിവരും സംഘത്തോടൊപ്പമുണ്ടായി.