നിർത്തിയിട്ട വാൻ വൈദ്യുത തൂണിൽ ഇടിച്ചു. വണ്ടിത്താവളം: മീനാക്ഷിപുരം ബസ് സ്റ്റാൻഡിന് സമീപം ബാറ്ററി ചാർജ് ഇറങ്ങിയതിനെ തുടർന്ന് ബാറ്ററി കടയുടെ മുൻവശം ബാറ്ററി ചാർജ് ചെയ്യുന്നതിനായി നിർത്തിയിട്ടിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ന്യൂട്ടറിലായിരുന്ന വാൻ ചലിക്കുകയും റോഡ് മുറിച്ച് മറുവശത്ത് ഉണ്ടായിരുന്ന വൈദ്യുത തൂണിലേക്ക് ഇടിക്കുകയായിരുന്നു. വൈദ്യുത കാൽ പൂർണമായും തകർന്നു. വാഹനത്തിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ആരുംതന്നെ വാഹനത്തിൽ ഉണ്ടായിരുന്നില്ല. വാഹനത്തിൻറെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് വാൻ ഡ്രൈവർ രതീഷ് പറഞ്ഞു.വിവരമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തുകയും വൈദ്യുത ലൈൻ ശരിയാക്കുകയും ചെയ്തു.