നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ
പാലക്കാട്: നെല്ലു സംഭരണ വിഷയത്തിലെ അനിശ്ചിതത്വം സർക്കാരും സ്വകാര്യ മില്ലുകളും തമ്മിലുള്ള ഒത്തുകളി മൂലമെന്ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. പ്രളയത്തിൽ നെല്ലിന് നാശനഷ്ട നഷ്ടം ഉണ്ടായ മില്ലുകാർ നഷ്ട്ടം കൂട്ടി കാണിച്ചു ഇൻഷുറൻസ് തട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഈ ആവശ്യം സാധ്യമാക്കാൻ കർഷകരെ മുൾമുനയിൽ നിർത്തി സമ്മതിച്ചു നൽകുവാനാണ് സർക്കാർ ശ്രമിക്കുന്നത്. സഹകരണ ബാങ്കുകൾക്ക് സംഭരിക്കുന്ന നെല്ല് സൂക്ഷിക്കുവാൻ സൗകര്യങ്ങളില്ലെന്ന് അറിഞ്ഞും സർക്കാർ സമ്മർദ്ദം ചെലുത്തുന്നതും കയറ്റിറക്കു കൂലി കർഷകരുടെ തലയിൽ കെട്ടിവെക്കുന്നതും ഗൂഢാലോചനയുടെ ഫലമാണ്.
നെല്ല് – അരി സംബന്ധിച്ച് കേന്ദ്ര അനുപാതം 100 കിലേയ്ക്ക് 68 ആയിരിക്കെ കേരളം അത് 64.5 കിലോ ആക്കി കൊടുത്തതും, നെല്ല് എടുത്ത വകയിൽ പാലക്കാട്ടെ കർഷകർക്ക് എട്ടു കോടിയിൽ കൂടുതൽ രൂപ നൽകാനിരിക്കെ കൈകാര്യ ചെലവ് ഇനത്തിൽ ക്വിൻ്റലിന് 214 രൂപ നിരക്കിൽ സർക്കാർ മില്ലുകൾക്കു നൽകിയതും ഈ ഒത്തുകളിയുടെ ഭാഗമായാണ്. ഒത്തു കളി അവസാനിപ്പിച്ച് നെല്ല് സംഭരണം വേഗത്തിലാക്കണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.