കല്ലടിക്കോട്: കോവിഡ് മഹാമാരിക്കാലത്തും കരിന്പ പഞ്ചായത്ത് കോന്പൗണ്ടിലെ ജനകീയ ഹോട്ടലിനുമുന്നിൽ ലോഡുകണക്കിന് മാലിന്യം കുന്നുകൂടി. ഹരിതകേരളം മിഷൻ പോലുള്ള സർക്കാർ പദ്ധതികൾ നിലനില്ക്കുന്പോഴാണ് നിരവധിയാളുകൾ ദിനംപ്രതി കയറിയിറങ്ങുന്ന സ്ഥലത്ത് മാലിന്യം കൂടികിടക്കുന്നത്.
രണ്ടുദിവസംമുന്പ് എംഎൽഎ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കോന്പൗണ്ടിലെ ജനകീയ ഹോട്ടലിന് മുൻവശത്താണ് ചാക്കുകളിലും കവറുകളിലുമായി മാലിന്യം കിടക്കുന്നത്.
ഹരിതകർമ സേനയിലൂടെ വീടുകളിൽനിന്ന് ശേഖരിച്ച ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നത്. കരിന്പ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീൻ കരിന്പ ഗ്രീൻ കരിന്പ എന്ന പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യങ്ങളാണിത്. പഞ്ചായത്തിലെ 11-ാം വാർഡിലെ കോളനിക്കരികിലായി മാലിന്യം തട്ടുന്നത് നാട്ടുകാർ ചേർന്ന് തടഞ്ഞതോടെയാണ് മാലിന്യം കോന്പൗണ്ടിൽ തട്ടിയത്.
ഹരിതകർമ സേനയിലൂടെ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കാൻ സ്ഥിരമായ സംവിധാനമില്ലാത്തതാണ് മാലിന്യങ്ങൾ കൂന്പാരമാകാൻ കാരണം. കരിന്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വികലപദ്ധതിയാണ് ഇത്തരത്തിൽ മാലിന്യങ്ങൾ കുന്നുകൂടാൻ കാരണമെന്നും നിരവധിയാളുകൾ ദൈനംദിനം കയറിയിറങ്ങുന്ന പഞ്ചായത്ത് പരിസരങ്ങളിൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ തന്നെ കൂട്ടിയിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.