ഷൊർണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഷൊർണ്ണൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. കുളപ്പുള്ളി, വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിനു സമീപത്തുനിന്നാണ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്, മലപ്പുറം, വള്ളിക്കുന്ന്, അമ്പലക്കണ്ടി സ്വദേശി അബ്ദുൾ റഹ്മാൻ വ : 50 , എന്നയാളാണ് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ വലയിലായത്. പ്രതി സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ പത്തു ലക്ഷം രൂപ വിലവരും.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പട്ടാമ്പി ,ഷൊർണ്ണൂർ, കൂറ്റനാട് പരിസര ഭാഗങ്ങളിലായി ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് അബ്ദുൾ റഹ്മാൻ . ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പോലീസ് പിടിയിലായത്.
അബ്ദുൾ റഹ്മാന് മുമ്പ് സുൽത്താൻ ബത്തേരി , കോഴിക്കോട്, ഫറോഖ്, പരപ്പനങ്ങാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹനമോഷണക്കേസ്സുകളും, നല്ലളം, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്സുകളും നിലവിലുണ്ട്.
ഷൊർണ്ണൂർ ഡി.വൈ.എസ്.പി N.മുരളീധരൻ, സബ് ഇൻസ്പെക്ടർ K. V. വനിൽകുമാർ, SCPO സുധീർ മൈലാടി, ഷിജി C.P.O. പ്രശോഭ് ഹോം ഗാർഡ് മോഹനൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ, ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ S. I. അബ്ദുൾ സലാം, സജി റഹ്മാൻ, മണ്ണാർക്കാട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സഹദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്