ജില്ലയിലെ പ്ലസ് വൺ അപേക്ഷകരിൽ 19,678 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സിറ്റില്ല;സർക്കാർ മറുപടി പറയണം: ഫ്രറ്റേണിറ്റി മൂവ്മെൻറ്
പാലക്കാട്: ജില്ലയിലെ പ്ലസ് വൺ അപേക്ഷകരായ 43,920 വിദ്യാർത്ഥികളിൽ 24,211 വിദ്യാർത്ഥികൾക്കാണ് സെക്കൻ്റ് അലോട്ട്മെൻ്റോടു കൂടി അലോട്ട്മെൻ്റ് ലഭിച്ചിരിക്കുന്നതെന്നും സപ്ലിമെൻററി അലോട്ട്മെൻറിന് മുന്നോടിയായി അവശേഷിക്കുന്നത് വെറും 31 സീറ്റുകൾ മാത്രമാണെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. സീറ്റ് ക്ഷാമം മൂലം പുറംന്തള്ളപ്പെടുന്ന ബാക്കിയുള്ള 19,678 വിദ്യാർത്ഥികൾ എന്തു ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. കേവലമായ ആനുപാതിക സീറ്റ് വർധന പരിഹാരമല്ലെന്ന് ഓരോ വർഷവും തെളിയിക്കപ്പെടുകയാണ്. അതിനാൽ പുതിയ ഹയർ സെക്കൻഡറി സ്ക്കൂളുകൾ പൊതുമേഖലയിൽ അനുവദിക്കണം. സർക്കാർ,എയ്ഡഡ് സ്ക്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയും സർക്കാർ, എയ്ഡഡ് ഗവ.ഹൈസ്ക്കൂളുകളെ ഹയർ സെക്കൻഡറികളായി ഉയർത്തണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ സമഗ്രമായ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കണമെന്ന നിർദേശവും യോഗം മുന്നോട്ട് വെച്ചു.ജില്ല പ്രസിഡൻറ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.കെ.എം സാബിർ അഹ്സൻ, അമീറ മുസ്തഫ, റഷാദ് പുതുനഗരം, ഫിറോസ്.എഫ്.റഹ്മാൻ എന്നിവർ സംസാരിച്ചു.