ജില്ലയിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്തും ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുൻസിപ്പാലിറ്റി കളിലുമായി കോവിഡ് ബാധിതരുടെ എണ്ണവും ക്വാറൻ്റയിനിൽ കഴിയുന്നവരുടെ എണ്ണവും മുന്നറിയിപ്പെന്നോണം ഉയരുന്ന സാഹചര്യത്തിലും ജില്ലയിലെ ഓരോ വ്യക്തിയും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും മറ്റ് വ്യക്തികളുമായി സമ്പർക്കം പുലർത്തുമ്പോൾ ശാരീരിക അകലം, മാസ്ക് ധാരണം, ശുചിത്വ പാലനം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കാണിച്ച് ജില്ലാ കലക്ടർ ഡി. ബാലമുരളി നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ഉത്തരവിട്ടു.
1.വിവാഹ ആഘോഷവേളകളിൽ 50 പേരിലും മരണാനന്തര ചടങ്ങുകളിൽ 20 പേരിലും അധികരിക്കാൻ പാടുള്ളതല്ല.
- സർക്കാർ ഔദ്യോഗിക പരിപാടികൾ, മതാചാരപരിപാടികൾ പ്രാർത്ഥനാവേളകൾ, രാഷ്ട്രീയ ,സാമൂഹിക, സാംസ്കാരിക പരിപാടികളിൽ 20 പേർ വരെയാണ് അനുവദനീയമായിട്ടുള്ളത്.
- മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുവാഹനങ്ങൾ, ഓഫീസുകൾ, വാണിജ്യ- വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷ്യശാലകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷാ കേന്ദ്രങ്ങൾ, അഭിമുഖ നടപടികൾ, വ്യവസായ മേഖലകൾ, എന്നിവിടങ്ങളിൽ സാമ്പത്തികപരമായ കാര്യങ്ങളടക്കം നടപ്പാക്കേണ്ടത് ശാരീരിക അകലവും ബ്രേക്ക് ദി ചെയിൻ ഉൾപ്പെട്ട കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കണം.
ഇതിനുപുറമെ ജില്ലയിലൊട്ടാകെ പൊതുസ്ഥലങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തു കൂടുന്നത് നിരോധിച്ചതായും ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.
അമ്പലപ്പാറ, ചാലിശ്ശേരി, കടമ്പഴിപ്പുറം, കണ്ണാടി, കൊടുവായൂർ, നെന്മാറ, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പാലക്കാട്, പല്ലശ്ശന, പട്ടാമ്പി, പിരായിരി, പുതുനഗരം, പുതുപ്പരിയാരം, പുതുശ്ശേരി, ഷൊർണൂർ, തിരുവേഗപുറ, തൃത്താല, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ദിവസത്തിൽ ഒരു തവണയെങ്കിലും അണുനശീകരണം നടത്താൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ഒക്ടോബർ മൂന്ന് മുതൽ ഒരു മാസം വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്