ഓൺലൈൻ വയോജന ദിനാചരണം നടത്തി.കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു.
പാലക്കാട് : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, പാലക്കാട് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെയും, ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെയും നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. ഓൺലൈനായി സംഘടിപ്പിച്ച വയോജന ദിനാചരണം സാമൂഹ്യനീതി ഓഫീസർ കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ് വയോജനങ്ങളെന്നും, വയോജനങ്ങളുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുവേണ്ടി ജില്ലാതലത്തിൽ വയോജന കോൾ സെന്ററിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വയോജനങ്ങൾ സമൂഹത്തിലും, വീടുകളിലും എല്ലാ പിന്തുണയും അർഹിക്കുന്നുവെന്നും, അവർ ചെയ്ത സേവനത്തിന്റെ സദ്ഫലങ്ങൾ അനുഭവിച്ചുപോരുന്നവരാണ് നാം ഓരോരുത്തരും. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാരെയും, വയോജനങ്ങളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി കാണാതെ ഉത്തരവാദിത്വമായി കാണണമെന്ന് വയോജന ദിനാചരണ സന്ദേശമായി പാലക്കാട് മെയ്ന്റനൻസ് ട്രൈബൂണൽ പ്രിസൈഡിങ്ങ് ഓഫീസർ പി.കാവേരികുട്ടി അറിയിച്ചു.ദിനാചരണത്തോടനുബന്ധിച്ച് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം-2007 സംബന്ധിച്ച് പാലക്കാട് മെയ്ന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ.സതീഷ് ക്ലാസ്സ് നയിച്ചു. വാണിയംകുളം, ഷൊർണൂർ സെക്ടറുകളിൽ നിന്നും 100-ൽ അധികം അംഗൻവാടി അധ്യാപകരും, വയോജനങ്ങളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തു. ശിശു വികസന പദ്ധതി ഓഫീസർ പി.നന്ദിനി മേനോൻ, സൂപ്പർവൈസർ ടി.ബിന്ദു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.