പഴങ്ങൾ വിൽക്കുന്ന പെട്ടി ഓട്ടോറിക്ഷ കത്തി നശിച്ചു; ആരോ മനപ്പൂർവം തീ വച്ചതെന്ന് ഉടമ
പാലക്കാട് മെഡിക്കൽ കോളേജിന് മുൻവശത്ത് പഴങ്ങൾ വിൽക്കുന്ന പെട്ടി ഓട്ടോറിക്ഷ കത്തി നശിച്ചു. പ്രദേശവാസിയായ ആലങ്ങാട്ട് തറയിൽ റഷീദിന്റെ വാഹനമാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. കച്ചവടം കഴിഞ്ഞ് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട സമീപവാസികളാണ് റഷീദിനെ വിവരം അറിയിച്ചത്. എന്നാൽ വിവരം അറിഞ്ഞെത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാലക്കാട് ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ ഓട്ടോറിക്ഷയും അതിലുണ്ടായിരുന്ന പഴവർഗങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. തന്റെ ഏക വരുമാന മാർഗമായിരുന്നു ഈ വാഹനം എന്നും ആരോ മനപ്പൂർവം വാഹനത്തിന് തീ വച്ചതാണെന്നും റഷീദ് ആരോപിച്ചു. സംഭവത്തിൽ ടൗൺ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









