തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍
മണ്ണാർക്കാട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണ്ണാര്‍ക്കാട് തച്ചംപാറ നിവാസികളുടെ ഉറക്കം കെടുത്തിയ പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. തച്ചംപാറ ചെന്തുണ്ട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെയോടെ പുലി അകപ്പെട്ടത്.
കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടി കൂടി കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലി ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വനംവകുപ്പ് അടിയന്തരമായി സ്ഥലത്ത് കൂട് സ്ഥാപിച്ചത്.
ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പുലിയെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
പാലക്കാട് ജില്ലയില്‍ വന്യമൃഗശല്യം അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂട്ടിലാകുന്ന നാലാമത്തെ പുലിയാണിത്. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിലാണ് മലയോര മേഖലയിലെ ജനങ്ങള്‍.









