സി പി എം വിട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ
പൊൽപുള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ബാലഗംഗാധരൻ പാർട്ടി മാറി
പാലക്കാട് :പൊൽപുള്ളി ഗ്രാമപഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റും സിപിഎം നേതാവുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷമായി സിപിഎം ബ്രാഞ്ച് അംഗമായിരുന്ന ബാലഗംഗാധരനെ ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു.
പാർട്ടി വ്യക്തിയധിഷ്ടിതമായി പ്രവർത്തിക്കുന്നതായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ വ്യക്തമാക്കി. സത്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ പലപ്പോഴും പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്നും, അർഹമായ അംഗീകാരങ്ങൾ നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിക്കുള്ളിലെ ജനാധിപത്യ മൂല്യങ്ങൾ നഷ്ടപ്പെട്ടതായും, പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കാത്ത സമീപനമാണ് നേതൃത്വത്തിനുള്ളതെന്നും ബാലഗംഗാധരൻ പറഞ്ഞു. ഇതോടെയാണ് സിപിഎം വിടാനും ബിജെപിയിൽ ചേരാനും തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.









