ബിജെപിയില്‍ പൊട്ടിത്തെറി: ജില്ലാ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തതില്‍ അതൃപ്തി; കൂട്ട രാജിക്കൊരുങ്ങി ഒരു വിഭാഗം നേതാക്കള്‍
ബിജെപി ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി അറിയിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ പാലക്കാട് മുനിസിപ്പാലിറ്റിയിലെ ആറോളം പേർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭിന്നാഭിപ്രായമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ യോഗവും ചേർന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻറ് ആക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രസിഡൻറ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടു ത്തതില്‍ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് എതിർവിഭാഗത്തിന്‍റെ ആവശ്യം.
തിരുത്തിയില്ലെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ആറോളം കൗണ്‍സിലർമാർ രാജി വക്കുമെന്ന് അറിയിച്ചു. നഗരസഭ ചെയർപേഴ്‌സണ്‍ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ്, ആരോഗ്യ സ്‌റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, വിദ്യാഭ്യാസ സ്‌റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സാബു, മുതിർന്ന അംഗം എൻ ശിവരാജൻ, കെ ലക്ഷ്‌മണൻ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. പ്രശാന്ത് ശിവനെ പ്രസിഡന്‍റാക്കിയ നിലപാടില്‍ പ്രതിഷേധമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ യോഗവും ചേർന്നു. 100 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.