മലമ്പുഴ :മദ്യനിരോധനം നടപ്പിലാക്കിയാൽ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് കരുതിയ ഉമ്മൻചാണ്ടി സർക്കാരിനെ ജനങ്ങൾ അട്ടിമറിച്ചത് കൊണ്ടാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. മദ്യനിരോധനം അല്ല മദ്യമാണ് ജനങ്ങൾക്ക് ആവശ്യമെന്നതിന് തെളിവാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും വി. കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ എംപ്ലോയിസ് കോൺഗ്രസ് (ഐഎൻടിയുസി) സംഘടിപ്പിച്ച സംസ്ഥാന സ്പെഷൽ കൺവെൻഷനും ആര്യാടൻ മുഹമ്മദ്, സുനിൽ എന്നിവരുടെ അനുസ്മരണവും മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എംപി. വി. കെ. ശ്രീകണ്ഠൻ. പച്ചക്കറി കടക്കാർ പുട്ടിയാൽ പ്രശ്നമില്ല. ബസ് ഓടിയില്ലെങ്കിൽ പ്രശ്നമില്ല എന്നാൽ ബീവറേജ് പൂട്ടിയാൽ സർക്കാരിൻറെ കസേരയിളകും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയും അതേസമയം ബാറുകൾക്ക് ലൈസൻസ് നൽകുകയും ചെയ്യുന്നത് വിരോധാഭാസം ആണെന്നും എംപി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ കൊടും ചൂടിൽ റോഡിൽ നിർത്തി മദ്യവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുന്നതും അപഹാസ്യമാണെന്നും എംപി പറഞ്ഞു. സംസ്ഥാനത്തിൽ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനമായ ബീവറേജ് കോർപ്പറേഷനിൽ ഉടനടി ശമ്പള പരിഷ്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ടും മുൻ എംഎൽഎയും ആയ ടി. യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് സി.പി. മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി എ. തങ്ക,പ്പൻ ,കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ,ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് മനോജ് ചിങ്ങന്നൂർ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ , യൂണിയൻ സംസ്ഥാന നേതാക്കളായ പ്രഹ്ളാദൻ, സി .കെ .ഗിരീഷ് കുമാർ, വി .പ്രസാദ് ,കെ. പി .അനിൽകുമാർ, ദേവൻ, തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. എം.സി. സജീവൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.