രണ്ടാൾമരങ്ങൾ
ഹണി സുധീർ
കാഴ്ചയിൽ രണ്ടാൽമരങ്ങൾ
ശരിക്കുമവർ രണ്ടാൾ മരങ്ങൾ
പെരുമഴയിലവർ ഒന്നിച്ചു വളർന്നു
പൊരിവേനലിൽ ഒരുമിച്ചു തളർന്നു.
വളരെ വേഗമവരിൽ
പ്രണയം പടർന്നു ,
വേർപിരിക്കാനാവാത്ത വിധം
ഒന്നായി ചേർന്നവർ
നിറങ്ങൾ മാറി, ഇലകൾ കൊഴിഞ്ഞു
ഒന്നായവർ തെല്ലും മാറിയില്ല.
പടർന്നു പന്തലിച്ചരണ്ടാൽമരമല്ലവർ
ഒന്നായി പിറന്നവർ, ഒന്നിച്ചു നിന്നവർ
ചില്ലകൾ ബന്ധിച്ചു, ഇഴപിരിയാതെ,
കടുംവെയിലൊതുക്കി, ഇളം വെയിൽ പരത്തി
ഇളം കാറ്റിലിലമർമ്മരങ്ങൾ കളികൾ ചൊല്ലി,
കൊടുംകാറ്റിലവർ അലമുറയിട്ട് കരഞ്ഞു,
വീണ ചില്ലകൾക്കായി കണ്ണീരൊഴുക്കി.
മുടിനാരുകൾ കൊണ്ട് കിളിക്കൂടൊരുക്കി
വേരുകൾ വളച്ചു മെത്തകളാക്കി
വിത്തുകൾ അവർക്കു വീഞ്ഞായി പകർന്നു
കിളികൾക്ക് സ്വർഗം കനിഞ്ഞു നൽകി
ഋതുക്കൾ മാറി
ശിശിരവും ഹേമന്തവും ഗ്രീഷ്മവും
ഒരുപോലെ ചൊല്ലി, നിങ്ങൾ രണ്ടല്ല
നിങ്ങളൊന്നാണ്..ഒന്ന് മാത്രം
അവർ കളി പറഞ്ഞു
വരിക!, വരിക!ചാരെ ഇരിക്കുക തെല്ലുനേരം.
പ്രണയമായ ചൂടും തണുപ്പും
കാറ്റും കുളിരുമായി ഇരിക്ക ഇനി
അല്പനേരം കൂടി…..