ഈ വർഷത്തെ ഇൻസൈറ്റിന്റെ സമഗ്ര സംഭാവനയ്‌ക്കും ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്രസംയോജകനായ ശ്രീ. വി. വേണുഗോപാലിനാണു നൽകപ്പെടുന്നത്. മൗലികവും ശ്രദ്ധേയവുമായ നിരവധി ചലച്ചിത്രങ്ങളുടെ ചിത്രസംയോജനം നടത്തിയതിനും കലാമൂല്യമുള്ള ചിത്രങ്ങൾക്ക് പ്രോത്സാഹനജനകമായ രീതിയിൽ സഹകരിയ്ക്കുക വഴി നല്ല ചലച്ചിത്രസംസ്കാരത്തിന് ഊർജം പകർന്നതിനുമുള്ള അംഗീകാരമാണിത്. ഇരുപത്തി അയ്യായിരം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഇൻസൈറ്റ് അവാർഡ്.പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. എം. പി. സുകുമാരൻ നായർ , പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ, ഇൻസൈറ്റ് ജനറൽ സെക്രട്ടറി ശ്രീ. മേതിൽ കോമളൻകുട്ടി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.ശ്രീ. വി. വേണുഗോപാൽ 1954 ഫെബ്രുവരിയിൽ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് ജനിച്ചു. ഇരിഞ്ഞാലക്കുടയിലെ നാഷണൽ ഹൈസ്‌കൂളിലും തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലും വിദ്യാഭ്യാസം നേടിയശേഷം 1973 ൽ പി. രാംദാസ് സംവിധാനം ചെയ്ത ‘നിർമല’ എന്ന ചിത്രത്തോടെ ചിത്രസംയോജനരംഗത്തേയ്ക്കു പ്രവേശിച്ചു. ടി.വി. ചന്ദ്രൻ, കെ.പി. കുമാരൻ, പ്രിയനന്ദൻ, ഷാജി എൻ. കരുൺ തുടങ്ങിയ പ്രഗത്ഭരുടെ 160 ലേറെ ഫീച്ചർ ഫിലിമുകളുടെയും, ഒട്ടേറെ ശ്രദ്ധേയമായ ഡോക്യൂമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും ചിത്രസംയോജനം അദ്ദേഹം നിർവ്വഹിച്ചു.
പിറവി, പൊന്തന്മാട, ഉപ്പ്, മങ്കമ്മ, പുരുഷാർത്ഥം, ഖർഷോം, രുഗ്മണി, പവിത്രം, ആലീസിന്റെ അന്വേഷണം, സൂസന്ന, തുടങ്ങിയ അദ്ദേഹം എഡിറ്റിംഗ് നടത്തിയ ചിത്രങ്ങളിൽ പലതിനും ദേശീയ-സംസ്ഥാന അവാർഡുകളും മറ്റംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘
‘ആലീസിന്റെ അന്വേഷണ’ത്തി’ ന് ഏറ്റവും നല്ല എഡിറ്റിംഗിനുള്ള 1989 ലെ സംസ്ഥാന അവാർഡും, ‘സൂസന്ന’യ്ക്കു 2000 ലെ ഫിലിം ക്രിട്ടിക്സ് അവാർഡും അദ്ദേഹത്തിനു ലഭിച്ചു.
2022 ഫെബ്രുവരി ഇരുപതിന് നടക്കുന്ന അഞ്ചാമത് കെ. ആർ . മോഹനൻ മെമ്മോറിയൽ അന്തരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപന യോഗത്തിൽ വെച്ച് ശ്രീ. വേണുഗോപാലിന് അവാർഡ് സമ്മാനിക്കും