—- അസീസ് മാസ്റ്റർ —-
ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയം ചൂടുപിടിച്ച് വരികയാണ്. സർക്കാർ വാദവും പ്രതിപക്ഷ വാദവും കൊടുമ്പിരി കൊള്ളുന്നതിനിടെ മുൻ മന്ത്രി കെ ടി ജലീലിൻ്റെ ആരോപണങ്ങൾ കൊണ്ടും കൊള്ളാതെയും ഇരിക്കുന്നു. അതിനിടെ, കെ റെയിലിലെന്നതു പോലെ ലോകായുക്ത വിഷയത്തിലും ശക്തമായ ഇടപെടലാണ് കോൺഗ്രസ് നടത്തുന്നത്. സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടിയത് ഇതിനുദാഹരണങ്ങളിലൊന്നാണ്. പൊതുപ്രവർത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണെന്നും ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ്.
ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നൽകിയ കത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാർ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
പൊതുപ്രവർത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണ്. കെ.സി. ചാണ്ടി, ആർ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ വാദമുന്നയിക്കുന്നത്. എന്നാൽ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ബി ആർ കപൂർ, തമിഴ്നാട് സർക്കാറുമായി 2001 സെപ്തംബറിലുള്ള കേസിൽ ക്വാ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വാവാറന്റോ റിട്ടിലൂടെ പൊതുപ്രവർത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികൾക്കും ബാധകമാണെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നത്.
സർക്കാർ വിശദീകരണത്തിൽ പറയുന്ന കെ.സി. ചാണ്ടിയും ആർ ബാലകൃഷ്ണപിള്ള കേസിൽ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തിൽ ക്വാ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിശദീകരിക്കുന്നു. ഈ വീക്ഷണ കോണിൽക്കൂടിയാവണം നമ്മൾ ഈ വിഷയത്തെ വിലയിരുത്തേണ്ടത്. കാരണം സർക്കാർ നൽകിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
സർക്കാർ നൽകിയ വിശദീകരണങ്ങൾക്കൊന്നും നിയമത്തിന്റെ പിൻബലമില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് വീണ്ടും അഭ്യർഥിച്ചു കൊണ്ടാണ് ഗവർണർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലോകായുക്തയെ പല്ലു കൊഴിഞ്ഞ സിംഹമാക്കി മാറ്റി പല ആക്ഷേപങ്ങളിൽ നിന്നും തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന നിരീക്ഷണങ്ങൾക്ക് സാധൂകരണം നൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ജനാധിപത്യ സംവിധാനത്തിൽ, ജനപ്രതിനിധികളുടെ അഴിമതിക്കെതിരേ ശക്തമായ താക്കീതും ശിക്ഷയും വേണമെന്ന് ജനം ആഗ്രഹിക്കുകയും ആ ആഗ്രഹത്തോട് നീതിപുലർത്താനും കഴിയുന്ന സംവിധാനമാണ് ലോകായുക്ത. അതിനാൽ ലോകായുക്തയെ അതിൻ്റെ വീര്യത്തോടെ നിലനിർത്താൻ സർക്കാർ തയ്യാറാവണം. പൊതുജനം അതിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തുകയും വേണം. ശക്തമായ ലോകായുക്തയുടെ തണലിൽ ജനകീയ ശോഭ ഉയരുന്ന നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്