പൂട്ടിയ തിയറ്റർ തുറക്കണമെന്ന് യൂത്ത് കോൺഗ്രസ്, വേണ്ടെന്ന് ലീഗ്
പാലക്കാട്:
അഗ്നിരക്ഷാസേനയുടെ ലൈസൻസില്ലാത്തതിനാൽ നഗരസഭ പൂട്ടിച്ച സിനിമാതിയറ്റർ തുറക്കണമെന്ന് ആനാവശ്യപ്പെട്ട് സമരംചെയ്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ മറുസമരവുമായി മുസ്ലിംലീഗ്. ചൊവ്വാഴ്ച രാവിലെയാണ് യുഡിഎഫിലെ ഭിന്നത പുറത്തറിയിച്ച് യൂത്ത് കോൺഗ്രസും മുസ്ലിംലീഗും എതിർവാദങ്ങളുമായി രംഗത്തെത്തിയത്.
അനധികൃതമായി പ്രവർത്തിച്ചതിനെത്തുടർന്ന് പൂട്ടിയ സിനിമാതിയറ്റർ തുറക്കാൻ അനുവദിക്കണമെന്നും അതുവഴി സിനിമാവ്യവസായം സംരക്ഷിക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് ആവശ്യം. സ്ഥിരം പരിപാടിയായ ഉപരോധവുമായി മുന്നേറുമ്പോഴാണ് യുഡിഎഫിലെ ഘടകകക്ഷിയായ ലീഗ് ഇതിനെതിരെ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിന് മറുപടിയായി തിയറ്ററിനുമുന്നിലായിരുന്നു മുസ്ലിംലീഗിന്റെ സമരം. സിനിമാതിയറ്റർ പൂട്ടിയ നടപടിയിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുദ്രാവാക്യങ്ങളും ഉയർന്നു. ഒരു നിയമവും പാലിക്കാത്ത സിനിമാതിയറ്റർ തുറന്നുകൊടുക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ലീഗ് സമരം അവസാനിപ്പിച്ചത്. കാലങ്ങളായി പാലക്കാട് യുഡിഎഫ് മുന്നണിയിലുള്ള അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവന്നത്.