അട്ടപ്പാടി ശിശുമരണം: നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. -വനിതാ ഗാന്ധിദർശൻ വേദി
അട്ടപ്പാടി ശിശുമരണം സർക്കാറിൻ്റേയും ഉദ്യോഗസ്ഥരുടേയും കുറ്റകരമായ അനാസ്ഥയാണെന്നും, നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ധന പാചക വാതക, ഭക്ഷ്യസാധന വിലവർദ്ധനവിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജില്ലയിലെ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമക്കു മുന്നിലോ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഓഫീസുകൾക്കു മുമ്പിലോ പ്രതിഷേധ സത്യാഗ്രഹ സമരം നടത്താൻ തീരുമാനിച്ചു. പ്രതിഷേധ സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മലമ്പുഴ നിയോജക മണ്ഡലത്തിൽ മന്തക്കാടുള്ള ഗാന്ധി പ്രതിമക്കു മുമ്പിൽ ഡിസംബർ 11-ാം തിയ്യതി നടത്താൻ തീരുമാനിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടപ്പാടി ആദിവാസി ഊരുകൾ സന്ദർശിക്കാനും ആദിവാസി സഹോരങ്ങളെ ഉൾപ്പെടുത്തി വനിതാ ഗാന്ധി ദർശൻ വേദി അട്ടപ്പാടി മേഖലാ കമ്മിറ്റിയും, കെ.പി.ജി.ഡി മണ്ഡലം കമ്മിറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചു.
വനിതാ ഗാന്ധി ദർശൻ വേദി
പാലക്കാട് ജില്ലാ ചെയർപേഴ്സൺ പി.പ്രീത അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.തങ്കമണി ടീച്ചർ, കെ.പി.ജി.ഡി.ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, തരൂർ നിയോജക മണ്ഡലം ചെയർമാൻ എ.ഭാസ്ക്കരൻ, വനിതാ ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം ചെയർപേഴ്സൺ സുരഭി ഉണ്ണികൃഷ്ണൻ, എ.കോമളവല്ലി എന്നിവർ പ്രസംഗിച്ചു.