മണ്ണാർക്കാട്
എടത്തനാട്ടുകരയിൽ വീണ്ടും കടുവയുടെ ആക്രമണം, ഒരാൾക്ക് പരിക്കേറ്റു. അതിഥിത്തൊഴിലാളിയായ രാഹുലിനെയാണ് കടുവ ആക്രമിച്ചത്. രാഹുല്‍ അലനല്ലൂരിൽ പ്രാഥമിക ചികിത്സ തേടി.
എടത്തനാട്ടുകര ചൂരിയോട്ടെ സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ രാവിലെ ഏഴോടെ മലപ്പുറം വെട്ടത്തൂർ കിളിയത്തിൽ വീട്ടിൽ കുഞ്ഞാലനും രാഹുലും യന്ത്രം ഉപയോഗിച്ച് കാട് വെട്ടാനെത്തിയപ്പോഴാണ് ഇവര്‍ക്കുനേരെ കടുവ പാഞ്ഞടുത്തത്. കടുവയുടെ നഖം കൊണ്ടാണ് രാഹുലിന് പരിക്കേറ്റത്. കുറ്റിക്കാട്ടിൽനിന്ന് മുരൾച്ച കേട്ട ഭാഗത്തേക്ക് നോക്കിപ്പോള്‍ കടുവ തങ്ങളുടെ നേരെ ചാടുകയായിരുന്നെന്നും കുനിഞ്ഞതിനാലാണ് ജീവന് രക്ഷപ്പെട്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു.
കാടുവെട്ടുന്ന യന്ത്രത്തിന്റെ അനുബന്ധ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് കടുവ കടിച്ചെടുത്ത് കൊണ്ടുപോയി. ആക്രമണത്തിന്റെ ഞെട്ടലിൽനിന്ന് ഇരുവരും മുക്തരായിട്ടില്ല. ജൂലൈ മൂന്നിന് എടത്തനാട്ടുകരയിൽ റബര്‍ ടാപ്പിങ്ങിനിടെ തൊഴിലാളിയായ ഉപ്പുകുളം സ്വദേശി ഹുസൈനെയും കടുവ ആക്രമിച്ചിരുന്നു.