ചിറ്റൂർ: പൊലീസ് പിടികൂടിയ ടിപ്പർ ലോറികളിൽനിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. 2020ൽ ചിറ്റൂർ സി.െഎ ആയിരുന്ന എൻ.സി. സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. പാലക്കാട് മാങ്കാവ് സ്വദേശി റെയ്മണ്ട് ആൻറണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയെയാണ് ഡി.ജി.പി അന്വേഷത്തിന് ചുമതലപ്പെടുത്തിയത്.
2020 മാർച്ചിലാണ് സംഭവം. ചിറ്റൂർ സി.ഐയായിരുന്ന എൻ.സി. സന്തോഷിൻറ നേതൃത്വത്തിൽ അനധികൃതമായി മണ്ണെടുത്ത ഏഴ് ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടിയിരുന്നു. മണ്ണ് നിറച്ച നിലയിൽ പിടികൂടിയ ടിപ്പർ ലോറികളിൽനിന്ന് പിന്നീട് മണ്ണ് കാണാതായതായി പരാതിയുയർന്നു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ടിപ്പർ ലോറികളിൽനിന്ന് മണ്ണ് കാണാതായതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. നിലവിൽ ഡിവൈ.എസ്.പിയാണ് എൻ.സി. സന്തോഷ്.