അട്ടപ്പടിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത് തച്ചമ്പാറ സ്വദേശി
അട്ടപ്പാടി കോട്ടത്തറയ്ക്കടുത്ത് വീട്ടിക്കുണ്ടിൽ മൂന്നുദിവസം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.മണ്ണാർക്കാട് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിൻ്റെ മകൻ ഷൈൻ ഷാജുദ്ദീൻ (35) ആണ് മരണപ്പെട്ടത്.ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട ആൾ അട്ടപ്പാടി ചെമ്മണ്ണൂരിൽ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. നിലവിൽ പച്ചക്കറി കച്ചവടം നടത്തിവന്നിരുന്നു. മൃതദേഹം കാണപ്പെട്ട പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്.എന്നാൽ ഇയാൾ ഈ പ്രദേശത്ത് എത്തുവാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് ഷോളയൂർ പോലീസിൻ്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകത്തനിലയിൽ പുഴുവരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.യുവാവിന്റെ നെഞ്ചിലും വയറ്റിലും വലതുകാലിലും കാട്ടാന ചവിട്ടിയതിന്റെ അടയാളങ്ങളുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹത്തിനരികിൽ ആന നിലയുറപ്പിച്ചിരുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.വീട്ടിക്കുണ്ട് ആദിവാസി ഊരിൽനിന്ന് കോട്ടത്തറയ്ക്ക് പോകുന്ന റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഊരിലുള്ളവർ ആടുമേയ്ക്കുന്നതിനായി ഈ പ്രദേശത്ത് എത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. ഊരുനിവാസികൾ ഷോളയൂർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഷോളയൂർ എസ്.ഐ. അബ്ദുൽ ഖയ്യുമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ഈ സ്ഥലത്ത് ഒരുവർഷംമുൻപ് വീട്ടിക്കുണ്ട് ഊരിലെ മൊട്ടയെന്ന വയോധികനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയിരുന്നു.










