പാലക്കാട് ജില്ല ആശുപത്രി ഇപ്പോഴും ചികിത്സ കോവിഡിനു മാത്രം ജനം വലയുന്നു
പാലക്കാട്: ജില്ല ആശുപത്രി കോവിഡ് ആശുപത്രിയായി തുടരുന്നത് ഇതര ചികിത്സകൾക്ക് എത്തുന്ന രോഗികൾക്ക് ദുരിതമാവുന്നു. രണ്ടാംതരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ, വൃക്ക, ഹൃദ്രോഗ, മനോരോഗ ചികിത്സ വിഭാഗങ്ങളും പാലിയേറ്റിവ് വിഭാഗവും ഒഴിച്ചുള്ളവയുടെ പ്രവർത്തനം പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ േരാഗികൾക്ക് മെച്ചപ്പെട്ട ചികിത്സ അവിടെ ലഭിക്കുന്നില്ല. ഒ.പിയിൽ എത്തുന്ന രോഗികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. എന്നാൽ, ഇവർക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനാൽ, ഒട്ടുമിക്കവരും ജില്ലയിലെത്തന്നെ സ്വകാര്യ ആശുപത്രികളിൽ അഭയംതേടുകയാണ്. ഇവർക്ക് വൻ തുകയാണ് ചികിത്സ ചെലവ് വരുന്നത്.
പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ, സ്പെഷാലിറ്റി ഒ.പികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡോക്ടർമാർ മരുന്ന് കുറിച്ചുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആവശ്യമായ ഉപകരണങ്ങളൊന്നും യാക്കരയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലില്ല.