.
പാലക്കാട്.നാല് വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി കോടികളുമായി ഉടമ മുങ്ങിയതിനെ തുടർന്ന് ഇടപാടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പാലക്കാട്, തൃശൂർ ജില്ലകളിലെ നാല് ശാഖകളും പൂട്ടി കടന്നു കളഞ്ഞ തൃശൂർ സ്വദേശിയായ ഉടമ മനോഹരനെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും സ്വത്തുവഹകൾ കണ്ടു കെട്ടണമെന്നും വിവിധ സ്ഥലങ്ങളിലുള്ള ഇടപാടുകാരുടെ പരാതികൾ പ്രകാരം നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ പ്രത്യേക ഏജൻസിയെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് പട്ടാമ്പി പോലീസ് കഴിഞ്ഞ ദിവസം സ്ഥാപനത്തിൻ്റെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. നിത്യ വരുമാനക്കാരായ സാധാരണക്കാരും വീട്ടമ്മമാരും ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് റക്കറിങ്ങ്, സ്ഥിര നിക്ഷേപങ്ങളിൽ ഇടപാട് നടത്തി തുക നഷ്ടപ്പെട്ടത്. ഇവരുടെ ആവലാതികൾക്ക് പരിഹാരം കാണാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വീട്ടമ്മമാരെയും തൊഴിൽ രഹിതരായ യുവാക്കളെയും കളക്ഷൻ ഏജന്റുമാരാക്കിയാണ് കോടികളുടെ നിക്ഷേപം ഉണ്ടാക്കിയത്. പട്ടാമ്പി ശാഖയിൽ മാത്രം നൂറിലേറെ റക്കറിങ്ങ് ഇടപാടുകാരുണ്ട്. 60 ലക്ഷം രൂപയോളം ഇവർക്ക് നഷ്ടപ്പെട്ടു. 35 സ്ഥിര നിക്ഷേപകർക്ക് ഒരു കോടി 70 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പട്ടാമ്പി ശാഖയിൽ മാത്രം രണ്ടര കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് വിവരമെന്നും എല്ലാ കേസുകളും ഒരു ഏജൻസി അന്വേഷിക്കണമെന്നും ഭാരവാഹികളായ എ.ആർ.രാജേഷ്, ടി.വി.അശോകൻ, കെ.സനൂപ്, എം.സൂരജ്, റിജോയ് സി.ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.