പാലക്കാട്: എന്‍.എച്ച്. 544 കുഴല്‍മന്ദം ഹൈവേയിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥിയായ 17 വയസുകാരനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാര്‍ഥി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ജയേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എം.വി.ഐ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാണ് മംഗലം ഡാം സ്വദേശിയായ വിദ്യാര്‍ഥിക്കും രക്ഷിതാവിനും എതിരെ കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നത് രക്ഷിതാവിനോ വാഹന ഉടമസ്ഥനോ മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷം വരെ റദ്ദാക്കുന്നതോടൊപ്പം വാഹനം ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് 25 വയസ് തികയുന്നതുവരെ ലൈസന്‍സ് ലഭിക്കുകയുമില്ല.
ഇത്തരത്തില്‍ വാഹനം ഓടിക്കുന്നതും അവ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും മറ്റുള്ളവരെ ഇത്തരം നിയമലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്നതും അപകടകരവും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത കുറ്റകൃത്യവുമാണ്. വിഷയത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. അറിയിച്ചു.










