തിരുവില്വാമല: കണിയാർകോട്ടെ കോഴിഫാം വെള്ളിയാഴ്ച പുലർച്ചെ അഗ്നിക്കിരയായി. രണ്ടായിരത്തോളം കോഴികളിലെ പകുതിയും ചത്തൊടുങ്ങി. കരിങ്കുറ്റിക്കാവ് അയ്യപ്പൻകാവിന് സമീപം കീർത്തിയിൽ റോഡ് ചേന്നാടൻ ശിവദാസിന്‍റെ കോഴിഫാമാണ് കത്തിനശിച്ചത്. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ മേൽഭാഗം പൂർണമായും കത്തിനശിച്ചു. പുകയും ചൂടുമേറ്റാണ് കോഴികൾ ചത്തത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ജീവനോടെ അവശേഷിച്ചവയെ അടുത്ത ഫാമിലേക്ക് മാറ്റി. ശിവദാസ് ബാങ്കിൽ നിന്ന് ലോണെടുത്ത് തുടങ്ങിയ സ്വയംതൊഴിൽ സംരംഭമാണ്.










