കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം
പാലക്കാട്: വാർഡുകളിൽ നടക്കേണ്ട പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണത്തിന് 23 വാർഡുകളിലെ ഏഴു കോടിയിൽപരം രൂപ നഷ്ടപ്പെടുത്തി വികസന മുരടിപ്പ് ഉണ്ടാക്കിയെന്നും അമൃത് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പുനരുദ്ധരിക്കാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. 110 കോടി മുതൽ മുടക്കുള്ള കുടിവെള്ള പദ്ധതി അനന്തമായി നീണ്ടു പോകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
കൗൺസിൽ യോഗം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത ചെയർപേഴ്സനു മതിയായ പിന്തുണ ഭരണപക്ഷത്തു നിന്നും കിട്ടിയില്ല. പ്രതിഷേധം കാനത്തപ്പോൾ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ ഇറങ്ങിപ്പോയി. തുടർന്നു ഹാൾവിട്ട യു.ഡി.ഫ് കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധത്തിന് യു.ഡി.എഫ് പാർലമെന്റ് പാർട്ടിയിലെ സുഭാഷ് യാക്കര, സൈദ് മീരാൻ ബാബു, പികെ. ഹസ്സനുപ്പ, സജിത്ത് ല്ലേപ്പുള്ളി, സാജോ ജോൺ, ജ്യോതിമണി, സുജാത, അനുപമ, വിപിൻ എന്നിവർ നേതൃത്വം നൽകി.










