മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആസ്ഥാനത്ത് സ്പെഷ്യൽ സബ് ജയിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട സ്ഥലം ഉത്തരമേഖല ജയിൽ ഡിഐജി എം.കെ.വിനോദ് കുമാറും സംഘവും സന്ദർശിച്ചു. ജയിലിനു വേണ്ടി അനുവദിച്ച നാല് ഏക്കർ സ്ഥലം മണ്ണാർക്കാട് റവന്യൂ വകുപ്പ് അധികൃതർ അളന്ന് തിരിച്ചു. സ്ഥലം അളവുമായി ബന്ധപ്പെട്ടാണ് ഡിഐജിയും സംഘവും മണ്ണാർക്കാടെത്തിയത്.
ചുറ്റുമതിൽ കെട്ടുന്നതിനു വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി പിഡബ്ലൂഡി ജയിൽ അധികൃതർക്ക് നൽകിയിരുന്നു. ഇത് അനുമതിക്കായി അയച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് ചുറ്റുമതിൽ നിർമ്മാണം ആരംഭിക്കുമെന്നും ജയിൽ ഡിഐജി എം.കെ.വിനോദ് കുമാർ പറഞ്ഞു. ആധുനിക സംവിധാനത്തോടു കൂടിയുള്ള ജയിലാണ് നിർമ്മിക്കുന്നത്. ചുറ്റുമതിൽ നിർമ്മിക്കുന്നതിനു വേണ്ടി 1.16 കോടി എസ്റ്റിമേറ്റ് തയ്യാറാക്കി ജയിൽ ആസ്ഥാന കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.