പാലക്കാട്
വായ്പാ തട്ടിപ്പിനെ തുടർന്ന് പിരിച്ചു വിടപ്പെട്ട അകത്തേത്തറ സർവീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതി ഹൈക്കോടതി ഉത്തരവിനെതുടർന്ന് പുനഃസ്ഥാപിച്ചപ്പോൾ ക്രമക്കേടിന്റെ വ്യാപ്തി കൂടി. ഇല്ലാത്ത സ്ഥലത്തിന്റെ പേരിലും മാർക്കറ്റ് വിലയുടെ പത്ത് മടങ്ങ് മൂല്യം കാണിച്ചും കോടികൾ വായ്പയെടുത്തതിനെതുടർന്നാണ് ഭരണസമിതിയെ കഴിഞ്ഞ വർഷം ഒകടോബർ 16 ന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പിരിച്ചുവിട്ടത്. തുടർന്ന് അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മുൻ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി ഡിസംബറിൽ വീണ്ടും ചുമതലയേറ്റു. എന്നാൽ വൻ തട്ടിപ്പാണ് പിന്നീടും ഉണ്ടായത്.
ഭരണസമിതി അംഗങ്ങൾ ക്രമവിരുദ്ധമായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ സ്വകാര്യ വ്യക്തിയുടെ പണം ഉപയോഗിച്ചു. ഈ പണം മടക്കിനൽകാൻ അതിനേക്കാൾ വലിയ തുക അതേ സ്ഥലം കാണിച്ച് വായ്പ എടുത്തു. വായ്പാതുക അപേക്ഷകന്റെ അക്കൗണ്ടിൽനിന്ന് അടുത്തദിവസം മറ്റൊരു ബാങ്കിലേക്ക് മാറ്റി. ഭരണസമിതി അംഗത്തിന്റെ കടുംബാംഗത്തിന്റെ പേരിൽ 20 ലക്ഷം രൂപ വിലവരുന്ന സ്ഥലം കാണിച്ച് ഒരു കോടി രൂപ വായ്പ എടുത്തു.
ഇതേ സ്ഥലം കാണിച്ച് വീട് നിർമാണത്തിന്റെ പേരിൽ 25 ലക്ഷം വീതം രണ്ട് വായ്പയും കൂടി തരപ്പെടുത്തി. എന്നാൽ ഇതിന് ഗഹാൻ രജിസ്റ്റർ ചെയ്യുകയോ നടപടിക്രമം പാലിക്കുകയോ ചെയ്തില്ല.
അകത്തേത്തറയിലെ വില്ല പ്രോജക്ടിന് 50 വീടുകൾക്ക് 35 ലക്ഷം വീതം ഭവനവായ്പ അനുവദിച്ചത് പൂർത്തീകരണ സർടിഫിക്കറ്റ് ഇല്ലാതെയാണ്. ബാങ്കിലെ സീനിയർ മാനേജർ എഴുതിയ മൂല്യനിർണയ സർട്ടിഫിക്കറ്റ് മറ്റൊരു ജീവനക്കാരൻ തിരുത്തിയാണ് വായ്പ അനുവദിച്ചത്.