പാലക്കാട്: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് പാലക്കാടും. കോണ്‍ഗ്രസ് ഭരിക്കുന്ന കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ്.
ക്രമക്കേടിന് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്കി രണ്ട് മാസമായിട്ടും ഒരു ഇടപെടലും ഉണ്ടായിട്ടില്ല.
മൂന്ന് വര്‍ഷമായിട്ടും പണമോ പലിശയോ ലഭിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് സഹകരണസംഘം രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് നടപടിവേണമെന്നാവശ്യം ഉന്നയിച്ചത്.
ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിച്ചുകൊണ്ട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ ഒരുനടപടിയുമുണ്ടായില്ല.
4 കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപയുടെ അഴിമതിയാണ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ടെത്തിയത്ഈ തുക മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കണമെന്ന് സഹകരണജോയിന്റ് രജിസ്ട്രാര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
വായ്പാ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചു നല്കാതിരിക്കല്, രേഖകളില്ലാതെ വായ്പ അനുവദിക്കല്‍, അപേക്ഷകര്‍ അറിയാതെ വായ്പ പുതുക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സൊസൈറ്റ് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ എന്‍ വിനേഷിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടുവെങ്കിലും ഇയാളുടെ ബിനാമികളാണ് ഇപ്പോഴും സഹകരണസംഘം ഭരിക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം. ബാങ്കില്‍ പൂര്‍ണസമയം വിനേഷിന്റെ സാന്നിധ്യമുണ്ട്.വിനേഷിന് പുറമെ ഹോണററി സെക്രട്ടറി, മുന്‍ ഭരണസമിതിയംഗങ്ങള്‍, 9 ജീവനക്കാര്‍ തുടങ്ങിയവര്‍ അഴിമതിയില്‍ പങ്കാളികളാണെന്ന കണ്ടെത്തിയിട്ടുണ്ട്.