സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ
ആലത്തൂർ: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടമ്മയിൽനിന്ന് പണം തട്ടാനും മാനഭംഗപ്പെടുത്താനും ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
തിരുവനന്തപുരം നെടുമങ്ങാട്, കുരിപ്പുഴ, കാരമ്പുഴയിൽ ദീപു കൃഷ്ണയാണ് (36) പിടിയിലായത്. ടൗണിെൻറ പരിസര പ്രദേശത്തെ വീട്ടിലാണ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടന്നത്. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെത്തിയ ദീപു കൃഷ്ണ, സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. വീട്ടമ്മയുടെ മകൻ തെറ്റായ മൊബൈൽ ചാറ്റിങ് നടത്തിയതായി ചിത്രം കാണിച്ച് പേടിപ്പിച്ച് കേസെടുക്കാതിരിക്കാൻ 20,000 രൂപ ആവശ്യപ്പെട്ടു. ഇപ്പോൾ പണമില്ലെന്നും നാളെ വന്നാൽ തരാമെന്നും വീട്ടമ്മ പറഞ്ഞു.
അതുപ്രകാരമാണ് ശനിയാഴ്ച രാത്രി ഇയാൾ വീണ്ടും വീട്ടിലെത്തിയത്. എന്നാൽ, വീട്ടമ്മ ഈ വിവരം ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചിരുന്നു. ദീപു കൃഷ്ണ വന്നപ്പോൾ, യുവാക്കൾ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാൾക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.










