♥️പ്രിയനേ,
ഞാൻ മരണപെട്ടാൽ
എൻ്റെ ഹൃദയം
നീ തന്നെ സൂക്ഷിക്കുക!
പകരം വെയ്ക്കലുകളില്ലാതെ
എന്നെ സ്നേഹിച്ച
നിന്നോളമറിഞ്ഞ മറ്റൊരാളീ
പ്രപഞ്ച നിഗൂഢതകളില്ല …
എൻ്റെ ചിന്തകളിവിടെ
പാതിയെഴുതിയ ഈ താളിൽ
തന്നെയുപേക്ഷിക്കുന്നു…
ഇനിയും എഴുതി തീരാത്ത
വരികൾ ഉയിർ കൊള്ളുവാൻ
വേണ്ടിയാ ചിന്തകൾ മനനം
ചെയ്തു കൊണ്ടിരിക്കട്ടെ!
എൻ്റെ കണ്ണുകൾ
ഇനിയും കണ്ടു തീരാത്ത
കാഴ്ച്ചകൾക്കു വേണ്ടി
കാലത്തിന് നീക്കിവെയ്ക്കുക!
കാരണം ലോകം ചുറ്റി
കാണാനേറെ ആശയുണ്ടായിരുന്ന ഒരാളായിരുന്നല്ലോ ഞാൻ!
എൻ്റെ സ്വപ്നങ്ങൾ
ഞാനീ വീട്ടിലുപേക്ഷിക്കുന്നു.
ഈ വീടിനെ ചൊല്ലി
ഒരു പാട് കനവുകൾ
ഞാൻ നെയ്തു കൂട്ടിയതാണല്ലോ!
ഏതു യാത്രകളിലും
തിരിച്ചെത്താൻ കൊതിച്ചതും
ഇവിടേക്കു തന്നെയായിരുന്നു.
എൻ്റെ മുഖത്തെ നിറഞ്ഞ
പുഞ്ചിരിയെൻ്റെ പ്രിയ
സൗഹൃദങ്ങൾക്കു കൊടുക്കണം,
കാരണം പ്രിയ സൗഹൃദങ്ങളോട്
ചിരിച്ചല്ലാതെ ഞാൻ
സംസാരിക്കാറുണ്ടായിരുന്നില്ലല്ലോ
അവസാനമായി
എൻ്റെ കൈകളെ
എൻ്റെ കുഞ്ഞുങ്ങൾക്ക്
കൊടുക്കണം
ഓരോ തലോടലിലും
ഞാനിവിടെ തന്നെയുണ്ടന്ന്
വിശ്വസിച്ചവർ മുന്നോട്ട്
പൊയ്ക്കോട്ടെ
ഒരിക്കലും ഒറ്റപെടൽ
തോന്നാതിരിക്കാൻ !
ഇനിയെൻ്റെയോർമ്മകൾ
യാത്ര പറയുമ്പോൾ
പിടഞ്ഞേയ്ക്കാവുന്ന
ആത്മാവിനെയൊന്നു
തണുപ്പിയ്ക്കാൻ ഓർമ്മകളെ
മാത്രം ഞാൻ കൂടെ
കൊണ്ടു പോകുന്നു…..
നിങ്ങളിലൊരു വൃഥാ വായന
മാത്രം തന്നേയ്ക്കാവുന്ന
നോവോർമ്മകളാണധികവും..
ഇനിയിപ്പോ
കണ്ണുനീർത്തുള്ളികൾ
എൻ്റെ മിഴിനീർ മുഴുവൻ
നിരാലംബരായി, ജീവിച്ചു
കൊതിതീരാതെ മറഞ്ഞുപോയ
തേജസ്സാർന്ന യുവത്വത്തിനും
അനവധിയായ
ബാല്യകൗമാരങ്ങൾക്കും
വേണ്ടി ഞാനെപ്പോഴോ
ഒഴുക്കി കഴിഞ്ഞു …
ഇനിയെൻ്റെ കാലുകൾക്കു
പകരമായി ചിറകുകൾ
തരിക, വികാരങ്ങളില്ലാത്ത
ലോകത്തേക്കെനിക്കു
പാറി പറന്നു പോകാൻ!
സിന്ദു കൃഷ്ണ










