അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ പഴനിയെ കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഷോളയൂർ ചാവടിയൂരിൽ തൃശ്ശൂർ കേച്ചേരി സ്വദേശിയായ മണിയെന്ന മണികണ്ഠൻ(40) നാണ് കുത്തേറ്റ് മരിച്ചത്. കേസിലെ പ്രതിയായ കോഴിക്കൂടം ഊരിലെ പഴനി (49) യെ ഊരുകാർ പിടികൂടി ഷോളയൂർ പോലീസിന് കൈമാറിയിരുന്നു. തൃശ്ശൂർ സ്വദേശിയായ മണികണ്ഠൻ മാരിയെന്ന ആദിവാസി സ്ത്രിയെ വിവാഹം കഴിച്ച് കഴിഞ്ഞ പത്ത് വർഷമായി ഷോളയൂർ തെക്കെ പുതൂർ ചാവടിയൂരിൽ താമസിച്ച് വരികയാണ്. കുറച്ച് ദിവസം മുൻപാണ് പഴനി കോഴിക്കൂടത്ത് നിന്നും ചാവടിയൂരിലെ ബന്ധുവീട്ടിലെത്തിയത്. ഊരിലെ ഒരാൾ മരിച്ചതിന്റെ മൃതദേഹം സംസ്കരിക്കാൻ എല്ലാവരും ശ്മശാനത്ത് പോയ സമയത്ത് രണ്ട് പേരും മദ്യപിക്കുകയും അതിന് ശേഷമുണ്ടായ വാക്ക് തർക്കത്തിൽ പഴനി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മണികണ്ഠനെ കുത്തിയെന്നാണ് കേസ്. കത്തേറ്റ മണികണ്ഠൻ സംഭസ്ഥലത്ത് തന്നെ മരിച്ചു.